രാംലീല മൈതാനത്ത് പ്രകമ്പനമായി പ്രതിപക്ഷ പ്രതിഷേധം; ഇന്ത്യാസഖ്യത്തിന്റെ ശക്തിപ്രകടനം
Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷ കക്ഷികൾക്കെതിരെ ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നീക്കങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യാസഖ്യം നടത്തിയ മഹാസമ്മേളനം വൻ ശക്തിപ്രകടനമായി മാറി. രാംലീല മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച പ്രതിഷേധം ഇന്ത്യാസഖ്യത്തിന്റെ കരുത്ത് വിളംബരം ചെയ്യുന്നതായിരുന്നു. രാവിലെ മുതൽ പ്രവർത്തകർ രാംലീല മൈതാനത്തേക്ക് എത്തിത്തുടങ്ങി. സമ്മേളനം വൈകിട്ട് മൂന്നരയോടെ അവസാനിക്കുമ്പോഴും കൊടുംചൂടിനെ അവഗണിച്ച് മൈതാനം നിറഞ്ഞ് ജനാവലി തടിച്ചുകൂടിയിരുന്നു.
എഎപി, കോൺഗ്രസ് എന്നീ പാർട്ടികൾക്കൊപ്പം സഖ്യത്തിലെ മറ്റു പാർട്ടികളിലെ പ്രവർത്തകരും ഏറെ ആവേശത്തോടെയാണ് പങ്കെടുത്തത്. എഎപിയുടെ പതാകയും കോൺഗ്രസിന്റെ ത്രിവർണ പതാകയുമായി പ്രവർത്തകർ ഒഴുകിയെത്തിയതോടെ രാംലീല മൈതാനം മുദ്രാവാക്യം വിളികളാൽ മുഖരിതമായി. മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ അറസ്റ്റ് ഉൾപ്പെടെ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ നേതാക്കൾക്കും പാർട്ടികൾക്കുമെതിരായ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നീക്കങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു.
പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖ നേതാക്കളെല്ലാം അണിനിരന്ന മഹാസമ്മേളനം ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രതിപക്ഷ സഖ്യത്തിന്റെ കൂട്ടായ്മയുടെ കരുത്താണ് പ്രകടമാക്കിയത്. സമ്മേളനം കണക്കിലെടുത്ത് നഗരത്തിലുടനീളം വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ഡിഡിയു മാർഗിൽ നിരോധനാജ്ഞയും പല സ്ഥലങ്ങളിലും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. രാംലീല മൈതാനം, മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അർധസൈനിക വിഭാഗം ഉൾപ്പെടെ നൂറുകണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.
‘ഞങ്ങളും കേജ്‌രിവാൾ’; ആവേശത്തിൽ എഎപി
ന്യൂഡൽഹി∙ ‘ഞങ്ങളും കേജ‍്‍രിവാൾ’ എന്ന് ഹിന്ദിയിലെഴുതിയ മഞ്ഞ ടീഷർട്ടുകൾ ധരിച്ചാണ് ഒട്ടേറെ എഎപി പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. പഞ്ചാബിൽ നിന്നുള്ള പലരും വാദ്യങ്ങളുമായും ശംഖനാദം മുഴക്കിയും എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. മഞ്ഞയും നീലയും കലർന്ന എഎപിയുടെ കൊടികൾ, ടീഷർട്ടുകൾ എന്നിവ വിതരണം ചെയ്യാനും രാംലീല മൈതാനത്ത് സംവിധാനം ഏർപ്പെടുത്തിയിരുന്നു.