ADVERTISEMENT

ഒറ്റപ്പാലം ∙ ഉത്സവ കേരളത്തിന്റെ വള്ളുവനാടൻ ആനച്ചന്തം മനിശ്ശേരി രഘുറാം ഓർമയായി. പാദരോഗം ഉൾപ്പെടെ ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്ന ഗജവീരൻ ഇന്നലെ ഉച്ചകഴിഞ്ഞാണു ചരിഞ്ഞത്. 53 വയസ്സായിരുന്നു. മനിശ്ശേരിയിലെ വരിക്കാശ്ശേരി മനവളപ്പിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 303 സെന്റിമീറ്റർ ഉയരവും മികച്ച തലയെടുപ്പും ലക്ഷണത്തികവുമായിരുന്നു രഘുറാമിന്റെ സവിശേഷത.

1) ഓർമച്ചിത്രം... ഇന്നലെ ചരിഞ്ഞ ഗജവീരൻ മനിശ്ശേരി രഘുറാം കഴിഞ്ഞ വർഷത്തെ ചിനക്കത്തൂർ പൂരത്തിൽ ഒറ്റപ്പാലം ദേശത്തിനു വേണ്ടി തിടമ്പേറ്റിയപ്പോൾ (ഫയൽ ചിത്രം)., 2) മനിശ്ശേരി രഘുറാം (ഫയൽ ചിത്രം).

അസമിൽ നിന്നു തൃശൂരിലെ നാണു എഴുത്തച്ഛൻ ഗ്രൂപ്പ് കേരളത്തിലെത്തിച്ച കൊമ്പനെ 2000ലാണു മനിശ്ശേരി വടക്കൂട്ട് ഹരിദാസ് സ്വന്തമാക്കിയത്.പിന്നീടു മികച്ച പരിപാലനത്തിലൂടെയും ചിട്ടയായ എഴുന്നള്ളിപ്പു പരിശീലനങ്ങളിലൂടെയും ആന ഉത്സവപ്പറമ്പുകളുടെ പ്രിയങ്കരനായി. തൃശൂർ പൂരത്തിലും നെന്മാറ – വല്ലങ്ങി, ഉത്രാളിക്കാവ്, ചിനക്കത്തൂർ, കുന്നംകുളത്തെ കാട്ടകാമ്പാൽ, പാർക്കാടി ഉൾപ്പെടെയുള്ള ഉത്സവങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു. കഴിഞ്ഞ തൃശൂർ പൂരമായിരുന്നു അവസാനമായി പങ്കെടുത്ത ഉത്സവം.

ഒട്ടേറെ ക്ഷേത്ര കമ്മിറ്റികൾ വിവിധ പട്ടങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ചന്ദ്രോത്സവം, ആമി, നരൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മുഖം കാണിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആരാധകരും ഉത്സവ സംഘാടകരും പ്രിയങ്കരനായ ആനയെ അവസാനമായി ഒരുനോക്കു കാണാൻ മനിശ്ശേരിയിലെത്തി. വനം വകുപ്പിന്റെ നടപ‌ടികൾ പൂർത്തിയാക്കി ജഡം സംസ്കാരത്തിനായി രാത്രി കോടനാട് വനത്തിലേക്കു കൊണ്ടുപോയി.

കർണന്റെ ‘പിൻഗാമി’

ഒറ്റപ്പാലം∙ ഗജവീരന്മാരിലെ തലയെ‌ടുപ്പിന്റെ തമ്പുരാൻ കർണന്റെ ‘പിൻഗാമി’യായിരുന്നു മനിശ്ശേരി ആനത്തറവാടിനു രഘുറാം. കഴിഞ്ഞ ജനുവരിയിൽ ചരിഞ്ഞ കർണനെ 21 വർഷം മുൻപു മംഗലാംകുന്ന് ആനത്തറവാട്ടിലേക്കു കൈമാറിയ ഘട്ടത്തിലാണു മനിശ്ശേരി വടക്കൂട്ട് ഹരിദാസ് രഘുറാമിനെ സ്വന്തമാക്കുന്നത്. 

ഇരു ഗജവീരന്മാരും മനിശ്ശേരിയിലെത്തിയത് ഒരേ കൈകളിൽ നിന്നാണെന്നതും യാദൃശ്ചികം. രഘുറാമിനെ ഹരിദാസിനു കൈമാറിയ തൃശൂരിലെ എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നാണ് 1989ൽ കർണനും മനിശ്ശേരിയിലെത്തുന്നത്. പത്തു വർഷത്തിലേറെ മനിശ്ശേരിയുടെ തലയെടുപ്പായി ഉത്സവപ്പറമ്പുകളിൽ നിറഞ്ഞ കർണനെ മംഗലാംകുന്നിലേക്കു കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷമാണ് ഹരിദാസ് രഘുറാമിനെക്കുറിച്ച് അറിഞ്ഞതും സ്വന്തമാക്കിയതും.

പിന്നീടു രഘുറാമും ഉത്സപ്പറമ്പുകൾക്ക് ഏറെ പ്രിയങ്കരനായി; ‘വള്ളുവനാടിന്റെ വല്യാന’യായി. രണ്ട് ഉടമകൾക്കു കീഴിലാണെങ്കിലും ഉത്സപ്പറമ്പുകൾക്കു ഹരമായിരുന്നു കർണനും രഘുറാമും. മനിശ്ശേരി ആനത്തറവാടിനെ പ്രശസ്തിയിലെത്തിച്ചതിൽ മുഖ്യപങ്കു വഹിച്ച ഇരുവരും ചരിഞ്ഞതു മാസങ്ങളുടെ മാത്രം ഇടവേളയിലാണെന്നതും യാദൃശ്ചികം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com