ADVERTISEMENT

പാലക്കാട് ∙ രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള അമൃതേ‍ാത്സവത്തിലെ വർണാഭമായ പരിപാടികൾ ഇന്നു ജില്ലയിലെങ്ങും നടക്കും. നാടിന്റെ മുക്കിനും മൂലയിലുമെന്നവണ്ണം ത്രിവർണ പതാകകൾ കഴിഞ്ഞ ദിവസം തന്നെ ഉയർന്നു. ഔദ്യേ‍ാഗിക പരിപാടി ഇന്നു കേ‍ാട്ടമൈതാനിയിൽ നടക്കും. വീടുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും വിവിധ പരിപാടികളേ‍ാടെ ആഘേ‍ാഷം രണ്ടു ദിവസം മുൻപ് ആരംഭിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട് പാലക്കാടിന്.

പാലക്കാട് കോട്ടയും മലമ്പുഴ ഡാമും കാഞ്ഞിരപ്പുഴ ഡാമും അടക്കം വർണവിളക്കുകളാൽ അലംകൃതമായിട്ടു ദിവസങ്ങളായി. സിവിൽ സ്റ്റേഷൻ അടക്കം സർക്കാർ ഓഫിസുകളും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ആഴ്ചകൾക്കു മുൻപേ ഒരുക്കം തുടങ്ങി. പാറിക്കളിക്കുന്ന ദേശീയപതാകകൾകൊണ്ട് വീടുകളും പാതയോരങ്ങളുമെല്ലാം സ്വാതന്ത്ര്യത്തിന്റെ മൂല്യം അടയാളപ്പെടുത്തുന്നു. പാലക്കാട് അഞ്ചുവിളക്കിലെ 5 വിളക്കുകളും തെളിഞ്ഞിട്ടുണ്ട്. മധുരം വിതരണം മാത്രമല്ല, ആഘോഷത്തിനു മാറ്റുകൂട്ടാൻ സാമൂഹിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും ഒട്ടേറെ സ്ഥലങ്ങളിൽ ഇന്നു തുടക്കംകുറിക്കുന്നുണ്ട്. 

മന്ത്രി കെ.കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും 

പാലക്കാട് ∙ ജില്ലാ ഭരണകൂടവും പൊലീസും ചേർന്നു കോട്ടമൈതാനത്തു രാവിലെ 9നു നടത്തുന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സല്യൂട്ട് സ്വീകരിക്കും. കലക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥൻ എന്നിവർ പങ്കെടുക്കും. സായുധ പൊലീസ് സേനാ വിഭാഗം അസി. കമൻഡാന്റ് കെ.മധു നേതൃത്വം നൽകും.

കോട്ടായി സി.ഐ.അരുൺ പ്രസാദ്, ക്യാംപ് ആർഎസ്ഐ സാറ്റിച്ചൻ ജോസഫ് എന്നിവർ പരേഡ് നയിക്കും. കാണിക്കമാത സ്‌കൂൾ, കെഎപി രണ്ടാം ബറ്റാലിൻ എന്നിവയുടെ ബാൻഡും അണിനിരക്കും. പാലക്കാട് ഗവ.മോയൻസ് ഹൈസ്‌കൂളിലെ 75 കുട്ടികൾ 75ന്റെ ആകൃതിയിൽ ത്രിവർണത്തിൽ അണിനിരന്നു ദേശഭക്തിഗാനം ആലപിക്കും. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയാണു പരിപാടികൾ സംഘടിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com