ADVERTISEMENT

പാലക്കാട് ∙ കുറ്റാന്വേഷണ, ക്രമസമാധാനപാലന മികവിൽ ഡിവൈഎസ്പി വി.കെ.രാജുവിനു സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ വി.കെ.രാജുവിനു ലഭിച്ച പുരസ്കാരം ജില്ലയ്ക്കു കൂടിയുള്ള സ്വാതന്ത്ര്യദിന സമ്മാനമായി. തൃശൂർ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന വി.കെ.രാജു ഈയിടെയാണു സ്ഥലം മാറ്റം ലഭിച്ച് പാലക്കാട് ഡിവൈഎസ്പിയായി ചുമതലയേറ്റത്.

സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. തെളിയിക്കപ്പെടാതെ കിടന്ന കേസുകളിൽ തുമ്പു കണ്ടെത്തി കുറ്റവാളികളെ പിടികൂടി. കൊടകര കുഴൽപ്പണക്കേസ്, സ്വപ്ന സുരേഷ് ഉൾപ്പെട്ട കേസുകൾ തുടങ്ങിയവ  അന്വേഷിക്കുന്ന സംഘത്തിലെ അംഗമാണ്. ആലപ്പുഴ ചേർത്തല സ്വദേശിയായ വി.കെ.രാജു 1996ലാണു സംസ്ഥാന പൊലീസ് സേനയുടെ ഭാഗമാകുന്നത്. 2003ൽ ടെസ്റ്റ് എഴുതി സബ് ഇൻസ്പെക്ടറായി. 2008ൽ സർക്കിൾ ഇൻസ്പെക്ടറായും 2017ൽ ഡിവൈഎസ്പിയായും സ്ഥാനക്കയറ്റം ലഭിച്ചു.

ഡിവൈഎസ്പിയായി തൃശൂർ, നാദാപുരം, തൃക്കാക്കര, പാലക്കാട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.26 വർഷത്തെ സേവനത്തിനിടെ 2015ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, 4 തവണ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ, 110 തവണ ഗുഡ്സ് സർവീസ് റിവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: എസ്.ബിന്ദു (തൃശൂർ നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: അനാമിക രാജു (മൂന്നാം വർഷ വിദ്യാർഥിനി, നിഫ്റ്റ്, ഹൈദരാബാദ്), അവന്തിക രാജു (പ്ലസ് വൺ വിദ്യാർഥിനി, വിവേകോദയം ഹയർസെക്കൻഡറി സ്കൂൾ, തൃശൂർ).

ടൗൺ സൗത്ത് സ്റ്റേഷന് ഇരട്ടിമധുരം 

പാലക്കാട് ∙ സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷന് ഇരട്ടിമധുരം. ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാമിനു മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചതിനു പിന്നാലെ പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിനു സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. ഡിവൈഎസ്പി ഓഫിസും ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനും ഒരു കെട്ടിടത്തിലാണു സ്ഥിതി ചെയ്യുന്നത്. രണ്ടിടത്തെയും മേധാവികൾക്ക് മികച്ച സേവനത്തിനു മെഡൽ ലഭിച്ചത് അത്യപൂർവ ആഹ്ലാദമായി.

എന്‍. സേതുമാധവന്‍

സേതുമാധവന് രാഷ്ട്രപതിയുടെ മെഡൽ

വടവന്നൂർ ∙ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിലുള്ള പൊലീസ് മെഡലിനു പൂന്തോണി സ്വാഗത് നഗർ ലൈൻ 1 കൃഷ്ണ നിവാസിൽ എൻ.സേതുമാധവൻ (59) അർഹനായി. സിആർപിഎഫിന്റെ കോയമ്പത്തൂർ സെൻട്രൽ ട്രെയിനിങ് കോളജിലെ ഭരണ നിർവഹണ വിഭാഗം അസി. കമൻഡാൻഡ് ആണ്. 37 വർഷത്തെ സേവനകാലത്തെ പ്രവർത്തന മികവും വ്യക്തിത്വവും പരിഗണിച്ചാണു പുരസ്കാരം.

1985ൽ അസി.സബ് ഇൻസ്പെക്ടർ ആയി മിസോറമിലായിരുന്നു ആദ്യ നിയമനം. പിന്നീട് ക്രമാനുഗതമായി സർവീസിൽ ഉയർന്ന് ആറു വർഷത്തോളമായി ഭരണ നിർവഹണ വിഭാഗത്തിൽ അസി.കമൻഡാൻഡ് ആയി ജോലി ചെയ്യുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ എൻ.സേതുമാധവൻ 6 വർഷമായി പൂന്തോണിയിലാണു താമസം. സിആർപിഎഫ് ഭരണ നിർവഹണ വിഭാഗത്തിൽ ഇൻസ്പെക്ടറായിരിക്കെ വിആർഎസ് എടുത്ത മുണ്ടാരത്തു കെ.പ്രേമയാണു ഭാര്യ. മക്കൾ: പ്രിയ, വേനിഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com