സുഗന്ധിയായ നിളാതീരത്തെ ഒരുക്കി ഷൊർണൂർ നഗരസഭ
Mail This Article
ഷൊർണൂർ∙ രാമച്ചത്തിന്റെ നറുമണവും മുളങ്കുട്ടത്തിന്റെ തണലുമുള്ള നിളാതീരമൊരുക്കുകയാണ് ഷൊർണൂരിൽ നഗരസഭ. കുളിർകാറ്റേറ്റുള്ള നിളയോര സായാഹ്നങ്ങൾ ഇനി പുതിയ അനുഭൂതി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 7000 തൊഴിൽ ദിനങ്ങൾ നൽകിയാണ് പുഴ വൃത്തിയാക്കുന്നത്. 1200 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയപ്പോൾ പുഴയിൽ നിന്ന് ലഭിച്ചത് ടൺകണക്കിന് പ്ലാസ്റ്റക് മാലിന്യങ്ങൾ.
പുഴയിൽ വളർന്ന നീളൻ പുല്ലും കാട്ടു ചെടികളുമൊക്കെ എസ്കവേറ്റർ ഉപയോഗിച്ചാണ് വേരോടെ പിഴുതെടുത്തത്. പുഴയിൽ കളച്ചെടികൾ വളരാതിരിക്കാനാണിത്. പദ്ധതി തുടങ്ങിയതോടെ കൊച്ചിപ്പാലത്തിന് സമീപമുള്ള നിളാതീരമാണ് ഇപ്പോൾ പുതിയ സൗന്ദര്യത്തിൽ. പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭാ പരിധിയിലെ പുഴയുടെ തീരത്തിനാകെ പുതിയ മുഖം കൈവരും. തീരങ്ങൾ ഇടിയാതിരിക്കാൻ കയർഭൂവസ്ത്രം വിരിക്കും. മുളങ്കുട്ടങ്ങൾ വരുന്നതോടെ തീരം സംരക്ഷിക്കപ്പെടും.
തീരത്തോട് ചേർന്നാണ് രാമച്ച ചെടികൾ വെച്ച് പിടിപ്പിക്കുന്നത്. നഗരസഭയിൽ പുഴ അതിരിടുന്ന ചുഡുവാലത്തൂർ(12), ഗണേശഗിരി(23), മുണ്ടായ നോർത്ത്(25), പരുത്തിപ്ര വെസ്റ്റ്(27) വാർഡുകൾക്കായി തയാറാക്കിയ സമഗ്ര പദ്ധതിയിലാണ് നിളാ തീരത്തിന്റെ പുനരുജ്ജീവനം. 26.25 ലക്ഷത്തിന്റെ പദ്ധതിയിൽ 3.79 ലക്ഷമാണ് വിനിയോഗിച്ചതെന്ന് നഗരസഭ അധ്യക്ഷൻ എം.കെ.ജയപ്രകാശ് പറഞ്ഞു. പുഴ സംരക്ഷണം കടമയായി കണക്കാക്കി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിൽ തള്ളുന്നതിനെതിരെ ബോധവൽക്കരണവും നടത്തും.