ലക്കിടിയിൽ നെൽക്കൃഷി ഉണങ്ങാൻ തുടങ്ങി; കർഷകർ ആശങ്കയിൽ
Mail This Article
ലക്കിടി ∙ മലമ്പുഴ കനാൽ വെള്ളം പ്രതീക്ഷിച്ചു രണ്ടാം വിള നെൽക്കൃഷിയിറക്കിയ കർഷകർ ദുരിതത്തിൽ. ലക്കിടിയിലെയും പാലപ്പുറത്തും ഭൂരിപക്ഷം പാടശേഖര സമിതികളിലും വെള്ളം വറ്റിയതോടെ വിള ഉണക്കു ഭീഷണിയിലായി. അമ്പലപ്പാടം, പുത്തിരിപ്പാടം, അടിയമ്പാടം, പടിഞ്ഞാറേപാടം സമിതികളിലെ നൂറു കണക്കിനു ഏക്കർ കൃഷിയിടത്തിലെ വെള്ളം വറ്റാൻ തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ കനാൽ വെള്ളം ലഭിച്ചില്ലെങ്കിൽ വൻ വിളനാശം സംഭവിക്കും.
മലമ്പൂഴ വെള്ളം വരുന്ന പ്രധാന കനാലും മറ്റ് സബ് കനാലും പൂർണമായി കാടുപിടിച്ചു കിടക്കുകയാണ്. കനാൽ വൃത്തിയാക്കൽ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തിൽ പല കർഷകരും ഒന്നാം വിള ചെയ്തിരുന്നില്ല, രണ്ടാം വിള പൂർണമായി ചെയ്ത മേഖലയിലാണു കനാൽ വെള്ളം വൈകുന്നത്.
ഭാരതപ്പുഴയോരത്തെ പുത്തിരിപ്പാടവും മലമ്പുഴ കനാൽവെള്ളത്തെ ആശ്രയിച്ചു കഴിയുന്നതാണ്.