പാലക്കാട് ∙ ധോണിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് ആദിവാസി യുവാവ് സുജി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെയാണു പെരുന്തുരുത്തികളം ആദിവാസി കോളനിയിൽ ഒരു കൊമ്പനും പിടിയാനയും കുട്ടിയും ഉൾപ്പെടുന്ന സംഘമെത്തിയത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന കെ.സുജിയുടെ നേർക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.
ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് അര മണിക്കൂറോളം തമ്പടിച്ച കാട്ടാനകളെ സുജി തന്നെയാണു പന്തം കൊളുത്തി തുരത്തിയത്. പോകുന്ന വഴി പലരുടെയും വേലി തകർത്തു. വാഴകളും കമുകും നശിപ്പിച്ച ആനകൾ പിന്നീടു വരക്കുളം കാട്ടിലേക്കു പോയി.
പി.ടി ഏഴാമനെപ്പോലെ അക്രമാസക്തനാണു കൂട്ടത്തിലെ കൊമ്പനെന്നു നാട്ടുകാർ പറയുന്നു. ഇതിനെ പിടികൂടാൻ നടപടി വേണമെന്നാണ് ആവശ്യം. ദിവസവും പുലർച്ചെ കാട്ടാനക്കൂട്ടം എത്തുന്നതു പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതേ കാട്ടാനകൾ പാപ്പറമ്പ്, അരിമണി, ചോളോട് എന്നിവിടങ്ങളിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
അടങ്ങാതെ ധോണി
കൂട്ടിലായി 9 ദിവസം പിന്നിടുമ്പോഴും കലിയടങ്ങാതെ ധോണി (പി.ടി ഏഴാമൻ) കൂടു തകർക്കാനുള്ള ശ്രമം തുടരുന്നു. കൂടിന്റെ തൂണുകളിൽ ശക്തിയായി ചവിട്ടുന്നുണ്ട്. എന്നാൽ, പാപ്പാൻമാർ നൽകുന്ന ഭക്ഷണം കഴിക്കുന്നുണ്ട്.
അവരുടെ നിർദേശങ്ങൾ പതിയെ അനുസരിച്ചു തുടങ്ങി. പാപ്പാൻമാർക്കു മാത്രമേ ഇപ്പോൾ ആനയെ കാണാൻ അനുവാദമുള്ളൂ. മറ്റാരെയും കടത്തി വിടുന്നില്ല.മദപ്പാട് ഉള്ളതിനാൽ ജാഗ്രതയോടെയാണ് ആനയെ പരിചരിക്കുന്നത്. ആനയ്ക്കു പാപ്പാൻമാരെ മാത്രം കാണാവുന്ന വിധം കൂടിന്റെ ചുറ്റുപാടും കെട്ടിയടച്ചു.