ADVERTISEMENT

ഷൊർണൂർ ∙ മാന്ത്രികം എന്ന വാക്കുപോലും ഭീതി വിതച്ച കാലത്താണ് അതൊരു കലാവിദ്യയാക്കി ആസ്വാദകരെ ഭ്രമിപ്പിച്ചു വാഴകുന്നം തിരുമേനി വരുന്നത്. ആഴിയും ആകാശവും തന്നിഷ്ടം പോലെ സൃഷ്ടിച്ചു മാന്ത്രികകലയ്ക്ക് ആസ്വാദകരുടെ പുതുലോകം ഒരുക്കിയ വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ ഓർമകൾക്ക് നാല് പതിറ്റാണ്ടു തികഞ്ഞു. മാന്ത്രിക കലയിലെ മഹാഗുരു മൺമറഞ്ഞത് 1983 ഫെബ്രുവരി 9ന്.

തിരുവേഗപ്പുറ വാഴകുന്നം ഇല്ലത്തായിരുന്നു വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ ജനനം. വേദവും സംസ്കൃതവും നിറഞ്ഞുനിന്ന വീട്ടന്തരീക്ഷത്തിൽ നിന്നു വഴിമാറി വാഴകുന്നം അഭ്യസിച്ചതു മാജിക്. കലാരൂപമെന്ന നിലയിൽ വേദികളിൽ മാജിക് അവതരിപ്പിച്ച ആദ്യകാല മാന്ത്രികരിൽ ആചാര്യ സ്ഥാനമുണ്ട് അദ്ദേഹത്തിന്. കയ്യടക്കം അതിസൂക്ഷ്മ തലത്തിൽ പോലും ഭദ്രമാക്കേണ്ടി വരുന്ന മാജിക് ഇനമായ ചെപ്പും പന്തും വാഴകുന്നം നമ്പൂതിരിയുടെ പ്രശസ്ത പ്രകടനങ്ങളിലൊന്നാണ്.

  പ്രശസ്ത മജീഷ്യൻ പി.സി.സർക്കാർ വാഴകുന്നം നമ്പൂതിരിയെ സന്ദർശിച്ചപ്പോൾ.  കുറ്റ്യാടി നാണു സമീപം (ഫയൽ ചിത്രം).
പ്രശസ്ത മജീഷ്യൻ പി.സി.സർക്കാർ വാഴകുന്നം നമ്പൂതിരിയെ സന്ദർശിച്ചപ്പോൾ. കുറ്റ്യാടി നാണു സമീപം (ഫയൽ ചിത്രം).

പരിയാനംപറ്റയില്ലത്ത് ദിവാകരൻ നമ്പൂതിരിപ്പാട്, മഞ്ചേരി അലിഖാൻ, ആർ.കെ.മലയത്ത്, കുറ്റ്യാടി നാണു, തിരൂർ ജനാർദനൻ, ജോയ് ഒലിവർ, കെ.രാഘവൻ തുടങ്ങി അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തും വലുതാണ്. 

ഭസ്മമായ നാണയങ്ങൾ, ‘ഒളിച്ചുകളിച്ച’ ടിക്കറ്റ്..

ലോകപ്രശസ്ത മജിഷ്യനായ പി.സി.സർക്കാർ ഒരിക്കൽ വാഴകുന്നം നമ്പൂതിരിയെ കാണാനെത്തിയത് അദ്ദേഹത്തിന്റെ ശിഷ്യൻ കുറ്റ്യാടി നാണു ഓർമിക്കുന്നതിങ്ങനെ: ‘നമ്പൂതിരിയുടെ ശിഷ്യർ സർക്കാരിന്റെ ആവശ്യപ്രകാരം ചില ഇനങ്ങൾ അവതരിപ്പിച്ചു കാണിച്ചു. തുടർന്നു സർക്കാർ കോയിൻ മാജിക് എന്നറിയപ്പെടുന്ന, നാണയങ്ങൾ ഉപയോഗിച്ചുള്ള ജാലവിദ്യ ചടുലതയോടെ അവതരിപ്പിച്ചു ഞങ്ങളെ അമ്പരപ്പിച്ചു. അവതരണത്തിനു ശേഷം ഗുരുനാഥൻ സർക്കാരിനോട് ആ നാണയങ്ങൾ തരാൻ ആവശ്യപ്പെട്ടു.

സർക്കാർ കൊടുത്തു. അവ കൈക്കുമ്പിളിൽ ഒരുനിമിഷം അടച്ചുപിടിച്ച ശേഷം, അല്ലെങ്കിൽ വേണ്ട എന്നു പറഞ്ഞു തിരികെ സ‍ർക്കാരിന്റെ കൈകളിലേക്കിട്ടു. വീണതു ഭസ്മമായിരുന്നു. അങ്ങാണു മഹാമാന്ത്രികൻ എന്നുപറഞ്ഞു സർക്കാർ  അദ്ദേഹത്തിന്റെ കാലുകളിൽ വീണു’. നമ്പൂതിരിയുടെ 150ൽപരം ശിഷ്യരിൽ നാണു മാത്രമാണു സവിശേഷമായ ‘ചെപ്പും പന്തും’ അഭ്യസിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അസാമാന്യ കയ്യടക്കം വേണ്ട ഈ വിദ്യയിലൂടെയാണു പിൽക്കാലത്തു താൻ അറിയപ്പെട്ടതെന്നും നാണു പറഞ്ഞു.

വാഴകുന്നത്തിന്റെ ഒരു ട്രെയിൻ യാത്രാ കഥയും നാണുവിന്റെ ഓർമയിലുണ്ട്. എറണാകുളത്തേക്കു ഭാര്യയ്ക്കൊപ്പമായിരുന്നു യാത്ര. ടിക്കറ്റ് പരിശോധകൻ എത്തിയപ്പോഴായിരുന്നു നമ്പൂതിരിയുടെ ‘കുസൃതി’. താൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നു പറഞ്ഞപ്പോൾ ക്ഷുഭിതനായ പരിശോധകനോട്, ഇവിടെയുള്ള യാത്രക്കാരിൽ ആരെങ്കിലും ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ താനും എടുക്കാമെന്നായിരുന്നു മറുപടി. എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് അപ്രത്യക്ഷമായിരുന്നു. അൽപനേരം കഴിഞ്ഞു വാഴകുന്നം തന്റെ ടിക്കറ്റ് പരിശോധകനു കൈമാറി. പിന്നാലെ മറ്റു യാത്രക്കാരുടെ ടിക്കറ്റും  പ്രത്യക്ഷപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com