150 കിലോഗ്രാം മ്ലാവിറച്ചിയും തലകളും കണ്ടെടുത്തു, വേട്ട സംഘാംഗം പിടിയിൽ
Mail This Article
അഗളി ∙ അട്ടപ്പാടിയിൽ വനത്തിൽ മ്ലാവുകളെ വെടിവച്ചു കൊന്നു മാംസം വിൽപന നടത്തുന്ന സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. 150 കിലോഗ്രാം മാംസവും രണ്ടു മ്ലാവുകളുടെ തലയും അവശിഷ്ടങ്ങളും കണ്ടെടുത്തു. അഗളി റേഞ്ചിലെ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരടിമല കക്കണാംപാറ വനത്തിലാണ് ഇന്നലെ വനപാലകർ വേട്ടസംഘത്തെ കണ്ടത്. കള്ളമല സ്വദേശി റെജി മാത്യുവിനെ പിടികൂടി.
കൂടെയുണ്ടായിരുന്ന 5 പേർ തോക്കുകളുമായി ഓടി രക്ഷപ്പെട്ടു. സംഘം ഉപേക്ഷിച്ച നിലയിൽ 5 ചാക്കുകളിൽ 150 കിലോഗ്രാം മ്ലാവിന്റെ മാംസവും രണ്ടു തലകളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. നേരത്തെ കക്കണാംപാറ പരിസരത്തു നിന്നു മ്ലാവിന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയതിനെത്തുടർന്ന് വനപാലകർ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണത്തിൽ ലഭിച്ച സൂചനകളാണ് സംഘത്തെ കണ്ടെത്താൻ സഹായകമായത്. ഓടിപ്പോയ പ്രതികൾക്കു വേണ്ടി അന്വേഷണം ശക്തമാക്കിയതായി അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് പറഞ്ഞു.