കൊടുംചൂട്: പാമ്പുശല്യം വർധിക്കുന്നു

HIGHLIGHTS
  • തണുപ്പുതേടി പാമ്പുകളെത്തും; ജാഗ്രത വേണമെന്നു വനംവകുപ്പ്
SHARE

പാലക്കാട് ∙ ചൂടു കൂടിയതോടെ മാളങ്ങൾ വിട്ടു പാമ്പുകൾ തണുപ്പു തേടി പുറത്തിറങ്ങിത്തുടങ്ങി. ഇടവഴിയിലും വരമ്പിലും വീട്ടുമുറ്റത്തും തെ‍ാടിയിലും ഇറങ്ങുമ്പോൾ ഏറെ സൂക്ഷിക്കേണ്ട സമയമാണിത്. പാമ്പുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും മുന്നറിയിപ്പു നൽകുന്നു. പാടശേഖരങ്ങളിലും വെള്ളം നനയുന്ന തണുപ്പുള്ള സ്ഥലങ്ങളിലുമാണു പാമ്പുകൾ കൂടുതലായി എത്തുക. വേനൽ മഴ പെയ്താലും കൂട്ടത്തോടെ പാമ്പുകൾ പുറത്തിറങ്ങും. വെള്ളിക്കെട്ടനും അണലിയുമാണു ജില്ലയിൽ കൂടുതലുള്ള വിഷപ്പാമ്പുകൾ. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്നു ഡപ്യൂട്ടി ഡിഎംഒ ഡോ.കെ.ആർ.ശെൽവരാജ് അറിയിച്ചു.

ശ്രദ്ധിക്കാം

∙ സന്ധ്യാസമയത്തും അതിരാവിലെയും വെളിച്ചം ഇല്ലാതെ പുറത്തിറങ്ങരുത്.
∙ തണുപ്പുള്ള സ്ഥലങ്ങളിലും കരിയിലകളും മറ്റും കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും കുട്ടികളെ കളിക്കാൻ വിടരുത്.
∙ പാമ്പുകൾ ആൾ സഞ്ചാരം കുറയുന്ന വൈകിട്ടാണു കൂടുതലായി ഇര തേടി പുറത്തിറങ്ങുന്നത്. ഈ സമയത്ത് കൂടുതൽ ശ്രദ്ധവേണം.
∙ വീടിനു സമീപം ചപ്പുചവറുകൾ കൂട്ടിയിടരുത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

∙ കാട്ടുതീ ഉണ്ടാകുന്ന മേഖലകളിൽ ഇഴജന്തുക്കൾ പുറത്തിറങ്ങാൻ സാധ്യതയേറെയാണ്. അതിനാൽ വനാതിർത്തി പ്രദേശത്തെ വീടുകളിൽ താമസിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

∙ ഷൂസ് നന്നായി പരിശോധിച്ച ശേഷം മാത്രം ധരിക്കുക.
∙ പാമ്പ് കടിയേറ്റ ആളെ ഉടൻ ആശുപത്രിയിൽ എത്തിക്കുക.

ഹെൽപ്പിന് ‘സർപ്പ ആപ്’

പാമ്പുകളെ പിടിക്കാൻ‌ പ്രത്യേക പരിശീലനം നൽകിയ വൊളന്റിയർമാരെ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇവരുടെ സഹായം തേടാൻ ‘സർപ്പ’ (സ്നേക്ക് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) എന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ 115 പേർ ജില്ലയിൽ നിലവിൽ പാമ്പിനെ പിടിക്കാൻ പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടിയിട്ടുണ്ട്. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുപിടിത്തക്കാരെ ബന്ധപ്പെടാം. 25 കിലോമീറ്റർ പരിധിയിൽ ഉള്ളവരുടെ നമ്പറുകൾ ആപ്പിൽ ലഭിക്കും. വിവരങ്ങൾക്ക് 9605599024 എന്ന നമ്പറിൽ വിളിക്കാമെന്നു സർപ്പ ജില്ലാ കോഓർഡിനേറ്റർ സിദ്ധാർഥ് ശശിധരൻ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS