ചൂടുവെള്ളം ദേഹത്തു വീണ് ബാലിക മരിച്ചു; ചികിത്സാപ്പിഴവെന്നു പരാതി
Mail This Article
ഊട്ടി ∙ കുനൂരിൽ ചൂടുവെള്ളം ദേഹത്തു വീണു പാലക്കാട് സ്വദേശിയായ ബാലിക മരിച്ചു. കൽപാത്തി സ്വദേശികളായ കാർത്തി–കാളിയമ്മാൾ ദമ്പതികളുടെ മകൾ ശരണ്യ(3) ആണു മരിച്ചത്. താലൂക്കാശുപത്രിയിൽ ചികിത്സ വൈകിയതാണു മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചതോടെ സംഘർഷാവസ്ഥയായി. കുനൂർ എംജിആർ നഗറിലെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു കുടുംബം. വരന്റെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ കൈ തട്ടി ചൂടുവെള്ളം ദേഹത്തു വീണു. താലൂക്കാശുപത്രിയിൽ എത്തിച്ച കുട്ടിയെ ചികിത്സിക്കാൻ ഡോക്ടറില്ലായിരുന്നെന്നും നഴ്സാണു കുട്ടിക്കു പ്രാഥമിക ചികിത്സ നൽകിയതെന്നും ബന്ധുക്കൾ ആരോപിച്ചു.
വിദഗ്ധ ചികിത്സയ്ക്കു കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനായി ആംബുലൻസും ആശുപത്രി അധികൃതർ അനുവദിച്ചില്ല. സ്വകാര്യ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ശരണ്യയ്ക്കു ജ്യൂസ് കൊടുക്കാൻ നഴ്സ് നിർദേശിച്ചതായും കുടിക്കുന്നതിനിടെ കുട്ടി മരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്നു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വാക്കേറ്റവും നടന്നു. മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. പൊലീസും തഹസിൽദാരും എത്തി ചർച്ചയ്ക്കൊടുവിലാണു മൃതദേഹം ഏറ്റുവാങ്ങിയത്. ചികിത്സാപ്പിഴവു വരുത്തിയ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി ബന്ധുക്കൾ അറിയിച്ചു.