കഞ്ചിക്കോട് ∙ കേരളത്തിൽ ജോലിക്കെത്തിയ ഭായിമാർക്ക് ഇന്നലെ വെയിലിന്റെ ചൂടായിരുന്നില്ല വെല്ലുവിളി. പഠനച്ചൂടിലായിരുന്നു അവർ. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കു കടക്കാനുള്ള ആവേശത്തിലായിരുന്നു അവരെല്ലാം. അതിഥിത്തൊഴിലാളികളെ 6 മാസം കൊണ്ട് മലയാളത്തിൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷര മിഷനും ജില്ലാ പഞ്ചായത്തും ചേർന്നു നടപ്പാക്കുന്ന ചങ്ങാതി സാക്ഷര പഠന പദ്ധതിക്കു ഇന്നലെ അപ്നഘറിൽ തുടക്കമായി. ആദ്യ ഘട്ടമായി സർവേയും ക്ലാസുകളുടെ പരിശീലനവുമാണ് ആരംഭിച്ചത്. ഇന്നലെ റജിസ്റ്റർ ചെയ്തവർക്കു ക്ലാസുകൾ നൽകിയാണ് പറഞ്ഞയച്ചത്. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആവേശത്തിലായി. ആഴ്ചയിൽ അഞ്ചുമണിക്കൂറാണ് ക്ലാസ്. വിദ്യാകേന്ദ്രങ്ങൾ, തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണു പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്.
ഓരോ വിദ്യാകേന്ദ്രത്തിന്റെയും കീഴിൽ 15 മുതൽ 20 വരെ പഠിതാക്കൾ ഉൾക്കൊള്ളുന്ന സാക്ഷരതാ പഠനകേന്ദ്രങ്ങളാണ് ആരംഭിച്ചത്. ഒരു വിദ്യാകേന്ദ്രത്തിന് കീഴിൽ കുറഞ്ഞത് അഞ്ചിനും പത്തിനും ഇടയിൽ പഠനകേന്ദ്രങ്ങൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിൽ വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും പിന്തുണയും ചങ്ങാതി പദ്ധതിക്കുണ്ട്. പരിപാടി ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. പി.വി.പാർവ്വതി അധ്യക്ഷയായി. ജില്ലാ കോഓർഡിനേറ്റർ മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.പത്മ്നി, പഞ്ചായത്ത് അംഗം മിൻമിനി മുരുകാനന്ദൻ, ജില്ലാ ലേബർ ഓഫിസർ കെ.സുനിൽ, എം.രാഘവൻ, പി.സി.ഏലിയാമ്മ, സി.ശിവനന്ദൻ എന്നിവർ പ്രസംഗിച്ചു.