നഷ്ടപ്പെട്ട സ്വർണമാലയ്ക്കു പകരം മറ്റൊരു മാല വയോധികയ്ക്കു സമ്മാനിച്ചു പൊലീസ് ഉദ്യോഗസ്ഥന്റെ പടിയിറക്കം
Mail This Article
ഒറ്റപ്പാലം∙ ഒന്നര വർഷം മുൻപു നഷ്ടപ്പെട്ട സ്വർണമാലയ്ക്കു പകരം സഹപ്രവർത്തകരുടെ കൂടി സഹായത്തോടെ മറ്റൊരു മാല വയോധികയ്ക്കു സമ്മാനിച്ചു പൊലീസ് ഉദ്യോഗസ്ഥന്റെ പടിയിറക്കം. ഇന്നലെ വിരമിച്ച ഒറ്റപ്പാലം എസ്ഐ പാലക്കാട് എടത്തറ രാമലീലയിൽ ഗോവിന്ദപ്രസാദും (56) മറ്റു സഹപ്രവർത്തകരും ചേർന്നാണു പഴമ്പാലക്കോട് സ്വദേശിനിക്ക് ഒരു പവന്റെ മാല സമ്മാനിച്ചത്. ഒന്നര വർഷം മുൻപ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു ചികിത്സയ്ക്കെത്തിയ ഘട്ടത്തിലാണ് അറുപത്തിയഞ്ചുകാരിയിൽനിന്ന് ഒന്നര പവന്റെ മാല നഷ്ടപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് ഏറെ വിലപ്പെട്ടതായിരുന്നു മാല.
പിന്നീട് ഇവർ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ തുമ്പുണ്ടായില്ല. മോഷണമാണോ നഷ്ടപ്പെട്ടതാണോ എന്നു പോലും ഉറപ്പില്ലാതിരുന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇന്നലെ വിരമിച്ച എസ്ഐ ഗോവിന്ദപ്രസാദ്. പരാതിക്കാരി നിരന്തരം സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതിയെക്കുറിച്ചു ചോദിക്കാറുണ്ടായിരുന്നെങ്കിലും നിസ്സഹായ അവസ്ഥയിലായിരുന്നു പൊലീസ്. ഗോവിന്ദപ്രസാദും സഹപ്രവർത്തകരും കയ്യിൽനിന്നു പണം മുടക്കിയാണ് ഇവർക്കായി മാല വാങ്ങിയത്. യാത്രയയപ്പു വേദിയിലേക്ക് ഇവരെ വിളിച്ചുവരുത്തി മാല സമ്മാനിച്ചായിരുന്നു ഗോവിന്ദപ്രസാദിന്റെ പടിയിറക്കം.