ADVERTISEMENT

മുതലമട ∙ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പറയമ്പള്ളത്തെ സ്വതന്ത്രന്റെ ‘മാങ്ങ’ മധുരിച്ചപ്പോൾ കയ്പ്പ് നിറഞ്ഞതു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ബിജെപിക്കും സിറ്റിങ് വർഡ് നഷ്ടപ്പെ‌ട്ട സിപിഎമ്മിനുമാണ്. മുൻപ് ബിജെപി സ്ഥാനാർഥി ജയിച്ചിട്ടുള്ള വാർഡിൽ ബിജെപി സ്ഥാനാർഥിക്കു ലഭിച്ച വോട്ടിൽ ഉണ്ടായ കുറവ് പാർട്ടിക്കകത്തു പൊട്ടിത്തെറിക്കു വഴിവയ്ക്കുമെന്നാണു സൂചന. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ 571 വോട്ട് ലഭിച്ചത് ഇത്തവണ 69 ആയി കുറഞ്ഞു. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതു പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകൾക്കു വിരുദ്ധമായി ജില്ലയിൽ നിന്നുണ്ടായ അടിച്ചേൽപിക്കലുകളുടെ പ്രതിഫലനമാണെന്ന ആരോപണം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.

സിപിഎം ഭരണസമിതിക്കെതിരെ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലപാട് എടുത്തതിനു ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.പ്രദീപ്കുമാർ, കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് കെ.സതീഷ്, ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ നേതാവ് സി.രാധ എന്നിവരെ ബിജെപിയിൽ നിന്നു പുറത്താക്കുകയും മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു പകരം കൺവീനറെ നിയോഗിക്കുയും ചെയ്തു. ജില്ലാ നേതൃത്വം നൽകിയ വിപ്പു ലംഘിച്ചു എന്ന് ആരോപിച്ചു മൂവരെയും അയോഗ്യരാക്കാൻ പാർട്ടി തന്നെ നീക്കം നടത്തിയതും ജില്ലാ നേതൃത്വവും പ്രാദേശിക പ്രവർത്തകരും തമ്മിലുണ്ടായ പിടലപ്പിണക്കങ്ങൾ രൂക്ഷമാക്കി.

ഇതാണു കർഷക മോർച്ച കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് കൂടിയായ സ്ഥാനാർഥി പി.ഹരിദാസിനു വോട്ടു കുത്തനെ കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. വാർഡ് തലത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കാനായിരുന്നു ബിജെപി പ്രാദേശിക പ്രവർത്തകർക്കു താൽപര്യം. എന്നാൽ ജില്ലാ നേതൃത്വവും മണ്ഡലം തലത്തിലെ പുതിയ നേതൃത്വവും പാർട്ടി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി വേണമെന്ന കടുത്ത നിലപാട് സ്വീകരിച്ചതോടെ പ്രവർത്തകർ പൂർണമായും അകന്നു.

ഇതോടെ പാർട്ടി സ്ഥാനാർഥിക്കായി അച്ചടക്ക നടപടി നേരിടുന്ന നേതാക്കൾ ഉൾപ്പെടെ പ്രചാരണത്തിനിറങ്ങിയിട്ടും ഫലമുണ്ടായില്ല. എന്നാൽ പാർട്ടിയെ ഒരു വിഭാഗം വഞ്ചിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം മാങ്ങ ചിഹ്നത്തിൽ സ്വതന്ത്രനെ പിന്തുണച്ച് വാർഡ് പിടിച്ചെടുക്കാനായതിന്റെ സന്തോഷത്തിലാണു യുഡിഎഫ്. 

സിറ്റിങ് വാർഡിലെ തോൽവി: സിപിഎമ്മിലും ചോദ്യങ്ങൾ ഉയരും

മുതലമടയിലെ സിപിഎമ്മിനകത്തെ പ്രശ്നങ്ങളാണു പഞ്ചായത്ത് അംഗം സർക്കാർ ജോലി നേടി പോകാനിടയാക്കിയത് എന്ന ആരോപണം നിലനിൽക്കേ പറയമ്പള്ളം സിറ്റിങ് വാർഡിലെ തോൽവി പ്രാദേശിക നേതൃത്വത്തിനു തലവേദനയാകും. ആർക്കും വ്യക്തമായ ഭൂരിപക്ഷ മില്ലാത്ത പഞ്ചായത്തിൽ സിപിഎം പ്രതിനിധി സർക്കാർ ജോലി നേടി പോകുന്നത് ഒഴിവാക്കാൻ പ്രാദേശിക നേതൃത്വം ശക്തമായ നീക്കം നടത്തിയതാണ്.

എന്നാൽ മേൽഘടകത്തിന്റെ അറിവോടെ ലഭിച്ച ജോലിയിൽ പ്രവേശിക്കാൻ പഞ്ചായത്ത് അംഗമെന്ന സ്ഥാനം രാജി വയ്ക്കാൻ മുൻ അംഗം തീരുമാനിച്ചതോടെയാണു മുതലമടയിൽ രാഷ്ട്രീയ നാടകങ്ങൾക്കു തുടക്കമായത്. ഒരു വാർഡിലെ ഉപതിരഞ്ഞെടുപ്പ് എന്നതിനപ്പുറം പ്രാധാന്യം നൽകി പി.വി.അൻവർ എംഎൽഎയെ ഉൾപ്പെടെ പ്രചാരണത്തിനെത്തിച്ചു.

പക്ഷേ, പാർട്ടിക്കകത്തെ ഒരു വിഭാഗം പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകൾക്ക് എതിരായിരുന്നുവെന്നതും തിരിച്ചടിയായി. തോൽവി പഠിക്കുന്ന രീതിയുള്ള സിപിഎമ്മിലെ അന്വേഷണങ്ങൾ ഗ്രൂപ്പ് വിഴുപ്പലക്കലിനു വഴിവയ്ക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com