ADVERTISEMENT

കോട്ടോപ്പാടം∙ കച്ചേരിപ്പറമ്പ് പിലാച്ചുള്ളി പാടത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിനു സമീപം ഇറങ്ങിയത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചിട്ടുള്ളത്. പ്രദേശവാസിയും കോൺഗ്രസ് നേതാവുമായ ടി.കെ. ഇപ്പു പുലർച്ചെ തന്നെ ആന ഇറങ്ങിയ വിവരം ആർആർടി ടീമിനെ അറിയിച്ചതോടെ ഇവർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ആനകൾ കാട്ടിലേക്കു കയറിയത്. 

പാലക്കയം ചീനിക്കപ്പാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന നശിപ്പിച്ച തെങ്ങ്.

താളിയിൽ ഇപ്പുവിന്റെ 50 കമുക്, 10 തെങ്ങ്, താളിയിൽ, ഹംസയുടെ 20 കമുക്, 20 വാഴ, താളിയിൽ അബ്ദുക്കുട്ടിയുടെ 20 കമുകും താളിയിൽ ബുഷ്റയുടെ 15 വാഴകളും ആനകൾ നശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ തലത്തിൽ വിഷയം അവതരിപ്പിച്ചാൽ പരിഹാസ രൂപത്തിലുള്ള മറുപടിയാണ് ലഭിക്കുന്നതെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ടി.കെ. ഇപ്പു പറഞ്ഞു.

കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനകൾ നശിപ്പിച്ച കമുകുകൾ.

കണ്ടമംഗലം മേക്കളപ്പാറ മേഖലയിൽ

മണ്ണാർക്കാട്∙ കണ്ടമംഗലം മേക്കളപ്പാറ പൊതുവപ്പാടം മേഖലകളിൽ കാട്ടാനശല്യം രൂക്ഷം. ലക്ഷക്കണക്കിനു രൂപയുടെ കൃഷികൾ കാട്ടാനകൾ നശിപ്പിച്ചു. ഒന്നര മാസമായി പ്രദേശങ്ങളിൽ നിരന്തരം കാട്ടാനക്കൂട്ടം ഇറങ്ങാൻ തുടങ്ങിയിട്ട്. ഒരു ദിവസം പോലും ഇടവിടാതെ ഈ മേഖലകളിൽ മാറിമാറി ഇറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. വനപാലകരുടെ ഇടപെടൽ ഉണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്. കാട്ടാനക്കൂട്ടം ഇറങ്ങുന്ന വനമേഖലകളിൽ രാത്രി ഏഴു  വരെ ആർആർടി സംഘത്തിന്റെ പട്രോളിങ് ഉണ്ട്. ഇവർ മടങ്ങിയ ശേഷം രാത്രി പന്ത്രണ്ട് വരെ നാട്ടുകാരും കാവലിരിക്കും. നാട്ടുകാരും പോയ ശേഷമാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.

കണ്ടമംഗലം കുന്നക്കാമാരി അനൂപിന്റെ വാഴത്തോട്ടത്തിലിറങ്ങിയ ആനക്കൂട്ടം ഒറ്റ രാത്രി കൊണ്ട് നൂറ്റി അൻപതിലേറെ വാഴകളും റബറും കപ്പയും നശിപ്പിച്ചു. വാഴക്കൃഷി നടത്തുന്നതു കൊണ്ടാണ് ആനകൾ വരുന്നതെന്നാണ് വനപാലകരുടെ നിലപാടെന്ന് കർഷകർ പറഞ്ഞു. നരുത്തുങ്കൽ ടോമി, കുന്തിപ്പാടത്ത് വലിയ കുളത്തിൽ ജോയി, എളമ്പാശ്ശേരി ജോസഫ്, സോജി പുതുപ്പറമ്പിൽ, റിയാസ് പലേക്കോടൻ തുടങ്ങി ഒട്ടേറെ പേരുടെ വാഴ, തെങ്ങ്, കമുക്, റബർ, കപ്പ തുടങ്ങിയ കൃഷികളാണ് ആനകൾ നശിപ്പിച്ചത്. തുടർച്ചയായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ കാടുകയറ്റാൻ സ്പെഷൽ ഡ്രൈവ് നടത്തണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും പഞ്ചായത്തംഗം നിജോ വർഗീസ് പറഞ്ഞു.

പാലക്കയം മേഖലയിൽ

പാലക്കയം∙ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപക നാശനഷ്ടം വരുത്തി. പാലക്കയം ചീനിക്കപ്പാറ, കുണ്ടംപ്പെട്ടി എന്നീ പ്രദേശങ്ങളിലാണ് രണ്ടു കാട്ടാനകൾ കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയത്. സിൽവി കന്നുകുളമ്പിലിന്റെ തെങ്ങുകളും കമുകും സജി ദേവസ്വം തൊട്ടിയിൽ, തോമസ് കല്ലോലി എന്നിവരുടെ പറമ്പിലെ വാഴകളും മറ്റും ഫലവൃക്ഷങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണു ആനകൾ മേഖലയിൽ എത്തിയതെന്നു നാട്ടുകാർ പറഞ്ഞു. സന്ധ്യ മയങ്ങിയാൽ വന്യമൃഗങ്ങളെ പേടിക്കേണ്ട അവസ്ഥാണ്. കാടിറങ്ങുന്ന കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്നു അകറ്റാൻ വനം വകുപ്പ് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിളകൾക്ക് മതിയായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com