ADVERTISEMENT

പാലക്കാട് ∙ എഐടിയുസി ജില്ലാ സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം. ടോട്ടക്സ് മാതൃകയിലുള്ള സ്മാർട്ട് മീറ്റർ സംവിധാനത്തിനെതിരെയുള്ള കെഎസ്ഇബി ജീവനക്കാരുടെ സമരം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന കൺട്രേ‍ാൾ കമ്മിഷൻ ചെയർമാനുമായ സി.പി.മുരളി ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് വകുപ്പുമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ജീവനക്കാരെ അനുവദിക്കണം.

തൊഴിലുറപ്പ് തൊഴിലാളികൾ 100 ദിനം പൂർത്തിയാക്കിയാലേ ഓണം ബോണസ് നൽകൂ എന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണം. കൈത്തറി യൂണിഫോം കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഇടതുപക്ഷ സർക്കാർ ഉയർത്തിക്കൊണ്ടുവന്ന നിലപാടാണ്.ഇവരുടെ 4 മാസത്തെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്.2 മാസത്തെ ശമ്പളവിതരണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് 9 മാസമായി പെൻഷൻ ലഭിച്ചിട്ടില്ല. ഈ ഓണത്തിന് ഇവർക്ക് സർക്കാർ നൽകുന്നത് 2022 ഡിസംബർ മാസത്തെ പെൻഷനാണ്.

അസംഘടിത, നിർമാണ, കർഷകത്തൊഴിലാളികൾക്ക് ഉത്സവബത്ത നൽകണം. കെഎസ്ആർടിസി ഉൾപ്പെടെ മറ്റു മേഖലയിലെ പ്രശ്നങ്ങളിലും സി.പി.മുരളി വിമർശനം ഉന്നയിച്ചു. ജനവിരുദ്ധമായതിനെ പരിഷ്കരണം എന്നാണു കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നതെന്നും കുറ്റപ്പെടുത്തി. മലമ്പുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പി.ശിവദാസൻ, ടി.സിദ്ധാർഥൻ, കൊടിയിൽ രാമകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

സംസ്ഥാന കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, സംഘടനാ നേതാക്കളായ വിജയൻ കുനിശ്ശേരി, കെ.കെ.അഷറഫ്, കെ.സി.ജയപാലൻ, കെ.മല്ലിക, കെ.ജി.ശിവാനന്ദൻ, ജോസ് ബേബി, സുമലത മോഹൻദാസ്, പൊറ്റശേരി മണികണ്ഠൻ, പി.ഡി.അനിൽകുമാർ, കെ.വിജയകുമാർ, എം.എൻ.വിനോദ്, കെ.ഷാജഹാൻ, പി.ഷിനാഫ്, സന്തോഷ് കുമാർ, എം.സി.ആനന്ദൻ, കെ.വേണു, കെ.മുത്തു, പി.ചിന്നക്കുട്ടൻ എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ 9.30ന് പൊതുചർച്ചയും ഉച്ചയ്ക്ക് 3ന് പ്രമേയങ്ങളും സംഘടനാ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും. നിലവിലുള്ള പ്രധാന ഭാരവാഹികൾ മാറില്ലെന്നാണു സൂചന.

എഐടിയുസിയുടെ വളർച്ച തടയാൻ സിഐടിയു നേതൃത്വത്തിൽ മുക്കൂട്ട് മുന്നണി

പാലക്കാട് ∙ വ്യവസായ മേഖലയിൽ എഐടിയുസി വളരാതിരിക്കാൻ സിഐടിയുവിന്റെ നേതൃത്വത്തിൽ ഐഎൻടിയുസി, ബിഎംഎസ് മുക്കൂട്ട് മുന്നണി ശ്രമിക്കുന്നതായി എഐടിയുസി ജില്ലാ സമ്മേളന ചർച്ചയിൽ ആരേ‍ാപണം. പെപ്സി, ടെക്സ്റ്റൈയിൽ മേഖലകളിലെ സമരങ്ങളിൽ ഈ ഇടപടെൽ പ്രകടമാണ്. എല്ലായിടത്തും മേധാവിത്തം നേ‍ടാനുളള സിഐടിയു നീക്കം ചെറുക്കാൻ തക്കവിധം ഇടപെടാൻ, പാർട്ടി നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപവും സംഘടനാ റിപ്പേ‍ാർട്ടിൻമേൽ നടന്ന പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചയിൽ വിമർശനം ഉയർന്നു.

സിപിഐയുടെ വകുപ്പുകളിൽ സിപിഎം ഇടപെടുന്നതു തടയാൻ കഴിയാത്ത സ്ഥിതിയുണ്ട്. സർക്കാരിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിയുന്നില്ല. കെഎസ്ആർടിസിയിലും കെഎസ്ഇബിയിലും എഐടിയുസിക്ക് അംഗീകാരം ലഭിക്കാത്തതിനും ഈ സാഹചര്യം കാരണമാണ്. ജില്ലയിൽ സംസ്ഥാന നേതൃത്വം പ്രവർത്തിക്കുമ്പേ‍ാഴും മലബാർ സിമന്റ്സിൽ അംഗീകാരം ഇല്ലാതായി. ഇവിടെ എഐടിയുസി പല മേഖലകളിലും പിന്നിലെന്ന പരേ‍ാക്ഷ സ്വയം വിമർശനവും റിപ്പേ‍ാർട്ടിലുണ്ട്. രണ്ടാം നേതൃനിര വളർത്തിയെടുക്കാൻ ശ്രമമില്ല. 

വനിതാ വർക്കേഴ്സ് ഫേ‍ാറം സംഘടിപ്പിച്ച പ്രവർത്തനം റിപ്പേ‍ാർട്ടിൽ ഉൾപ്പെടുത്താത്തതിൽ വനിതാ നേതാക്കൾ അമർഷം രേഖപ്പെടുത്തിയെന്നാണു സൂചന. പാർട്ടിയുടെ ജില്ലയിലെ എക എംഎൽഎയും രണ്ട് യൂണിയനുകളുടെ ചുമതലയുമുള്ള മുഹമ്മദ് മുഹസിനെ സമ്മേളനത്തിൽ ക്ഷണിക്കാത്തത് വിഭാഗീയതയുടെ ഭാഗമാണെന്ന ആക്ഷേപവും ഉയർന്നു. മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിനെയും ക്ഷണിക്കേണ്ടതായിരുന്നു എന്ന് അഭിപ്രായമുണ്ട്. സമ്മേളനത്തിൽ 250 പ്രതിനിധികൾ പങ്കെടുക്കുമെന്ന് നേതൃത്വം പറഞ്ഞെങ്കിലും 163 പേരാണ് എത്തിയത്.

വിഭാഗീയ പ്രശ്നം കാരണം മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുൾപ്പെടെ പ്രതിനിധികൾ മിക്കവരും എത്തിയില്ലെന്നാണു സൂചന. മണ്ണാർക്കാട് മണ്ഡലം സമ്മേളനം നടന്നിരുന്നില്ല. ഒറ്റപ്പാലത്ത് സമ്മേളനം പലതവണ മാറ്റിവച്ചു. എന്നാൽ, ട്രേഡ് യൂണിയൻ എന്ന നിലയിൽ ഐഐടിയുസി സ്വതന്ത്രമായാണു പ്രവർത്തിക്കുന്നതെന്നും അതിൽ പാർട്ടി ഇടപെടലേ‍ാ  നിയന്ത്രണമേ‍ാ ഇല്ലെന്നും നേതൃത്വം വ്യക്തമാക്കി.സംഘടനാ ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ അവതരിപ്പിച്ച റിപ്പേ‍ാർട്ടിൻമേൽ ഇന്ന് ഉച്ച വരെ ചർച്ച തുടരും. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ സമ്മേളനത്തിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com