ADVERTISEMENT

വാളയാർ (പാലക്കാട്) ∙ പ്രായപൂർത്തിയാവാത്ത സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ പ്രതി അട്ടപ്പള്ളം കല്ലങ്കാട് എം.മധുവിനെ (കുട്ടിമധു – 29) ആലുവയിലെ ജോലിസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ടു മൂന്നാമത്തെയാളാണു മരിക്കുന്നത്. കേസിന്റെ തുടക്കസമയത്തു പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച അട്ടപ്പള്ളം സ്വദേശി ജോൺ പ്രവീണിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് 2020 നവംബറിൽ മൂന്നാം പ്രതി ചേർത്തല സ്വദേശി പ്രദീപ് കുമാറും സമാനരീതിയിൽ മരിച്ചു.

നാലാം പ്രതിയായ മധുവിനെ ആലുവ എടയാറിൽ പൂട്ടിപ്പോയ ബിനാനി സിങ്ക് ഫാക്ടറി കെട്ടിടത്തിലാണ് ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ മണ്ണുപരിശോധന നടത്തുന്ന കരാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജീവനൊടുക്കയിതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കും. വാളയാർ കേസിൽ മധു ഉൾപ്പെടെയുള്ള 4 പ്രതികളെയും നുണപരിശോധനയ്ക്കു ഹാജരാക്കണമെന്ന സിബിഐയുടെ ഹർജിയിൽ പോക്സോ കോടതി വിധി പറയാനിരിക്കെയാണു മരണം.

3 ആഴ്ച മുൻപു മുത്തശ്ശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അവസാനമായി നാട്ടിലെത്തിയത്. ഇന്നലെ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. രാവിലെ ഒട്ടേറെ തവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് ആലുവ പൊലീസാണു മരണവിവരം അറിയിച്ചത്. വിവാഹിതനായ ഇയാൾക്കു 2 മക്കളുണ്ട്.ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ ഇനി ശേഷിക്കുന്നത് ഒന്നാം പ്രതി അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി വി.മധു (വലിയ മധു), രണ്ടാം പ്രതി ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പ്രായപൂർത്തിയാവാത്ത അഞ്ചാം പ്രതി എന്നിവരാണ്. നിലവിൽ 3 പേരും ജാമ്യത്തിലാണ്.

കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് അമ്മ
വാളയാർ ∙ കേസിലെ പ്രതി എം.മധുവിന്റെ ദുരൂഹമരണം സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കുട്ടികളുടെ അമ്മ ആരോപിച്ചു. ഈ ആവശ്യം ഉന്നയിച്ച് അമ്മയും നീതി സമരസമിതിയും ആലുവ റൂറൽ എസ്പിക്കും സിബിഐക്കും കത്തു നൽകി. മധുവിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് കോളുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

സിബിഐ ഓഫിസ് മാർച്ച് 28ന്
പാലക്കാട് ∙വാളയാർ കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് 28നു രാവിലെ 10നു പാലക്കാട് സിബിഐ ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുൻ സമരസമിതി ഭാരവാഹികളായ എം.എം.കബീർ, റെയ്മണ്ട് ആന്റണി, എം.സെറീന എന്നിവർ അറിയിച്ചു. കുട്ടികളുടെ മരണം കൊലപാതകമോ ആത്മഹത്യയോ, കേസി‍ൽ ഉറ്റ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കുക, അമ്മയെയും നുണപരിശോധനയ്ക്കു വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പ്രതിഷേധ മാർച്ച്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com