പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് സൗജന്യയാത്ര; ഇന്നു മുതൽ കർശന പരിശോധന
Mail This Article
വടക്കഞ്ചേരി ∙ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കു സൗജന്യയാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇന്നുമുതൽ കർശന പരിശോധന നടത്തും. വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ആധാർ കാർഡ് കാണിച്ചാൽ സൗജന്യമായി കടന്നുപോകാനുള്ള സംവിധാനം ടോൾ പ്ലാസയിലുണ്ട്. എന്നാല്‍, പലരും ഒറിജിനല്‍ രേഖകള്‍ കാണിക്കുന്നില്ലെന്നും ഫോണില്‍ സേവ് ചെയ്ത രേഖകള്‍ കാണിച്ച് കടന്നുപോകുന്നതായും കമ്പനി അധികൃതര്‍ പറഞ്ഞു.
പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കു സൗജന്യം നല്‍കുന്നതിന്റെ മറവില്‍ മറ്റു സ്ഥലങ്ങളിലെ വാഹനങ്ങളും കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണു പരിശോധന ശക്തമാക്കുന്നത്. ദിവസം രണ്ടായിരത്തോളം വാഹനങ്ങള്‍ സൗജന്യമായി കടന്നുപോകുന്നതായും ഇത്രയും വാഹനങ്ങള്‍ പ്രദേശവാസികളുടെതല്ലെന്നുമാണു കമ്പനി പറയുന്നത്. പുറമേനിന്നു വരുന്നവര്‍ പ്രദേശവാസികളുടെ ആധാര്‍ വാങ്ങി ഫോണില്‍ സേവ് ചെയ്തു കടന്നുപോകുന്നു. സംശയം തോന്നി ചോദ്യം ചെയ്താല്‍ ബഹളംവച്ച് കടന്നുപോകും.
ഇത് ഇനി അനുവദിക്കില്ല. വാഹനം ഓടിക്കുന്നയാള്‍ പ്രദേശവാസിയാണെന്നു കാണിക്കുന്ന യഥാര്‍ഥ രേഖ ഇന്നുമുതല്‍ കാണിക്കണം. ഡ്രൈവറെ ഉപയോഗിച്ചാണു വാഹനം ഓടിക്കുന്നതെങ്കില്‍ ഉടമ പ്രദേശവാസിയാണെന്നു തെളിയിക്കുന്ന വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. 2022 മാർച്ച് 9നാണു പന്നിയങ്കരയിൽ ടോൾ പിരിച്ചു തുടങ്ങിയത്. ഏപ്രിൽ ഒന്നുമുതൽ ടോൾ നിരക്ക് വർധിപ്പിച്ചു ഇതു ഹൈക്കോടതിൽ ചോദ്യം ചെയ്തതോടെ പഴയ ടോൾ നിരക്ക് തുടരണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
എന്നാൽ, കമ്പനി കോടതിയെ സമീപിച്ച് നിരക്കു വീണ്ടും കൂട്ടി. 2023 ഏപ്രില്‍ മുതല്‍ വര്‍ഷം തോറും നിരക്കു പുതുക്കുമെന്ന് അറിയിച്ചു വീണ്ടും കൂട്ടി. ഇതിനിടയില്‍ പ്രദേശവാസികളുടെ സൗജന്യം പിന്‍വലിക്കാന്‍ പല പ്രാവശ്യം ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധം മൂലം നടന്നില്ല. പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കു തിരിച്ചറിയല്‍ രേഖ നല്‍കണമെന്നാണു ജനകീയ സമിതികളുടെ ആവശ്യം. അപ്പോള്‍ മറ്റുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത് തടയാം. എന്നാല്‍ രേഖകള്‍ ഒന്നും നല്‍കില്ലെന്നും സൗജന്യയാത്ര താമസിക്കാതെ പിന്‍വലിക്കുമെന്നുമാണു കമ്പനി പറയുന്നത്.