ചുള്ളിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; കർഷകർക്കു പ്രതീക്ഷ
Mail This Article
മുതലമട ∙ മഴയിൽ കർഷകർക്കു പ്രതീക്ഷ; ചുള്ളിയാർ അണക്കെട്ടിലെ ജലനിരപ്പ് 5 ദിവസം കൊണ്ട് ഉയർന്നത് ആറര അടി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ ലഭിച്ചതും പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ നിന്നു ചുള്ളിയാറിലേക്കുള്ള ഒഴുക്കു ശക്തമായതുമാണു ജലനിരപ്പ് ഉയർത്തിയത്. 57.5 അടി സംഭരണ ശേഷിയുള്ള ചുള്ളിയാറിൽ ഈ മാസം 4ന് രാവിലെ ജലനിരപ്പ് 17.25 അടി മാത്രമായിരുന്നു. 5ന് രാവിലെ ജലനിരപ്പ് 3.75 അടി ഉയർന്ന് 21 അടിയായി. ബുധനാഴ്ച ലഭിച്ച ശക്തമായ മഴയെ തുടർന്ന് 2.74 അടി വെള്ളം ഉയർന്ന് ഇന്നലെ രാവിലെ ജലനിരപ്പ് 23.75 അടിയായി. കഴിഞ്ഞ വർഷത്തെ ജലനിരപ്പ് 52.72 അടിയാണ്. മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ രണ്ടാം വിളവിറക്കലുമായി മുന്നോട്ടു പോകുന്ന കർഷകർക്ക് ഏറെ ആശ്വാസമാണ് ഇപ്പോൾ ലഭിക്കുന്ന മഴയും ഡാമിലെ ജലനിരപ്പ് ഉയരുന്നതും.
പലകപ്പാണ്ടിയിലെ വെള്ളം പാഴാക്കരുത്
പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം പൂർണ തോതിൽ ചുള്ളിയാറിലെത്തിക്കണമെന്ന ആവശ്യം കർഷകർ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ശക്തമായ നീരൊഴുക്ക് ഉണ്ടായെങ്കിലും പാത്തിപ്പാറയിലെ ഷട്ടർ അടഞ്ഞു കിടക്കുന്നതിനാൽ സമീപത്തെ തോട്ടത്തിലേക്കും റോഡിലേക്കും കുത്തിയൊഴുകുന്ന സ്ഥിതിയുണ്ടായി. മഴയുള്ള സമയത്ത് പലകപ്പാണ്ടി പദ്ധതിയുടെ മൂന്നാം റീച്ചിൽ വരുന്ന അക്വഡക്റ്റ് നിറഞ്ഞു വെള്ളം ചുള്ളിയാറിലേക്ക് ഒഴുകിയെത്തിയാൽ അണക്കെട്ടിലെ ജലനിരപ്പ് വേഗത്തിൽ ഉയരും. പലകപ്പാണ്ടി വെള്ളം പാഴാക്കിക്കളയാതെ ചുള്ളിയാറിലെത്തിക്കണമെന്നാണു കർഷകരുടെ ആവശ്യം. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിച്ചു പരമാവധി വെള്ളം ചുള്ളിയാർ അണക്കെട്ടിൽ എത്തിക്കുന്നുണ്ടെന്നു ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.