ജീവനക്കാരില്ല, ഓഫിസ് പൂട്ടിയിട്ട് ഭരണസമിതിയുടെ പ്രതിഷേധം
Mail This Article
മണ്ണാർക്കാട് ∙ കുമരംപുത്തൂർ പഞ്ചായത്തിൽ ജീവനക്കാരെ നിയമിക്കാത്തതിനെതിരെ പഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ടു യുഡിഎഫ് ഭരണസമിതിയുടെ പ്രതിഷേധം. ഓഫിസ് തുറക്കണമെന്ന പൊലീസിന്റെ ആവശ്യം പ്രതിഷേധക്കാർ നിരസിച്ചു. പിന്നീട് എൻ.ഷംസുദ്ദീൻ എംഎൽഎ ഇടപെട്ടാണു പഞ്ചായത്ത് ഓഫിസ് തുറപ്പിച്ചത്. ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സംഘം ചേർന്നതിനും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉൾപ്പെടെ ഒൻപത് യുഡിഎഫ് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു.
നാലു മാസമായി കുമരംപുത്തൂർ പഞ്ചായത്തിൽ അസി.സെക്രട്ടറിയുടെയും ഹെഡ് ക്ലാർക്കിന്റെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വിവിധ പഞ്ചായത്തുകളിലെ അസി. സെക്രട്ടറിമാർക്കും ഹെഡ് ക്ലാർക്കുമാർക്കും ചുമതല മാറിമാറി നൽകുകയാണെന്നും ഇത് പഞ്ചായത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും പറഞ്ഞാണു ഭരണസമിതി അംഗങ്ങൾ ഇന്നലെ രാവിലെ 10 മണിയോടെ പഞ്ചായത്ത് ഓഫിസ് പൂട്ടിയത്. ജോലിക്കെത്തിയ ജീവനക്കാർ ഓഫിസിൽ കയറാനാവാതെ പുറത്തു നിന്നു. ഓഫിസിലേക്ക് കയറുന്ന ഗോവണിയിലായിരുന്നു ആദ്യം ഉപരോധം. പിന്നീട് ഓഫിസ് കെട്ടിടത്തിനു മുൻപിലേക്കു മാറ്റി. നാലുമാസമായി ജീവനക്കാരില്ലാത്തതിന്റെ പ്രയാസം അധികാരികളെ അറിയിച്ചിട്ടും ഒരു പരിഹാരവും ഇല്ലാത്ത സാഹചര്യത്തിലാണു പഞ്ചായത്ത് ഓഫിസ് പൂട്ടി പ്രതിഷേധിച്ചതെന്ന് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി പറഞ്ഞു.
ഇതിനിടെ പൊലീസ് സ്ഥലത്തെത്തി പഞ്ചായത്ത് ഓഫിസിന്റെ താക്കോൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഉറപ്പു ലഭിക്കാതെ തുറക്കില്ലെന്നു ഭരണസമിതി അംഗങ്ങൾ ശഠിച്ചു. ഇതിന്റെ പേരിൽ തൂക്കുകയർ ലഭിച്ചാലും സ്വീകരിക്കാൻ തയാറാണെന്നു സ്ഥിരം സമിതി അധ്യക്ഷൻ പി.എം.നൗഫൽ തങ്ങൾ പൊലീസിനോട് പറഞ്ഞു.
ഇതിനിടെ വിവരമറിഞ്ഞു സ്ഥലത്തെത്തിയ എംഎൽഎ, പ്രശ്നം അധികൃതരുമായി സംസാരിച്ചു പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നു പത്തരയോടെ ഓഫിസ് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി, സ്ഥിരം സമിതി അംഗങ്ങളായ പി.എം.നൗഫൽ തങ്ങൾ, ഇന്ദിര മഠത്തുംപുള്ളി, സഹദ് അരിയൂർ, അംഗങ്ങളായ രാജൻ ആമ്പാടത്ത്, മേരി സന്തോഷ്, റസീന വറോടൻ, സിദ്ദീഖ് മല്ലിയിൽ എന്നിവരാണ് ഓഫിസ് പൂട്ടി പ്രതിഷേധിച്ചത്.