കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കലിനു നവകേരള സദസ്സിൽ നടപടി
Mail This Article
ചെർപ്പുളശ്ശേരി ∙ രണ്ടര വയസ്സുകാരന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലബാർ കാൻസർ സെന്ററിൽ (എംസിസി) നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. ‘തലസീമിയ മേജർ’ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സാമ്പത്തികമായി കഴിയാത്ത സങ്കടവുമായി ഷൊർണൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് വേദിയായ ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂൾ മൈതാനിയിൽ പിതാവ് എത്തിയിരുന്നു. ഇദ്ദേഹത്തിനു കപ്പലണ്ടി കച്ചവടമാണ്. കുഞ്ഞിന് മൂന്നാഴ്ച കൂടുമ്പോൾ രക്തം ഫിൽറ്റർ ചെയ്യണം. ഉടൻ മജ്ജ മാറ്റിവയ്ക്കണമെന്നാണു വിദഗ്ധാഭിപ്രായം. 40 ലക്ഷം രൂപയോളം ചെലവു വരും.
പി.മമ്മിക്കുട്ടി എംഎൽഎയും മുഖ്യമന്ത്രിയുടെ ഓഫിസും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ശസ്ത്രക്രിയയ്ക്ക് സംവിധാനമൊരുക്കാമെന്ന് ഉറപ്പുലഭിച്ചത്. സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയിട്ടുണ്ടെന്നും ഇതുവരെ നൂറോളം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.