കശ്മീരിലെ സോജില പാസിലുണ്ടായ വാഹനാപകടം; കണ്ണീരോർമയായി ഈ ചിത്രം
Mail This Article
ചിറ്റൂർ ∙ താജ്മഹലിനു മുന്നിൽ 13 യുവാക്കൾ നിൽക്കുന്ന ഒരു ചിത്രം നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. കശ്മീരിലെ സോജില പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവും സുഹൃത്തുക്കളും ഒരുമിച്ചു നിൽക്കുന്ന ചിത്രമാണിത്. മരിച്ച സുധീഷാണു രണ്ടു ദിവസം മുൻപ് ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
നാടിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു മരിച്ച നാലു പേർ. ഇവരുടെ വീടിനടുത്തു നെടുങ്ങോട് ജംക്‌ഷനിൽ സ്ഥാപിച്ച വലിയ ഫ്ലെക്സിനു മുന്നിൽ നിന്ന് ആളുകൾ കരയുന്നുണ്ട്. നടൻ വിജയ് ഫാൻസിന്റെ പേരിൽ ഈ യുവാക്കളെല്ലാം ചേർന്നു വച്ച ഫ്ലെക്സിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ചിത്രങ്ങളുണ്ട്.
അയൽവാസികളായിരുന്നു മരിച്ച നാലുപേരും. അതുകൊണ്ടു തന്നെ നെടുങ്ങോട് ഇടവഴിയിലൂടെ പോകുമ്പോൾ എല്ലാ വീട്ടിൽ നിന്നും കരച്ചിൽ കേൾക്കാം. ബന്ധുക്കളാണു പരുക്കേറ്റവരും മരിച്ചവരും. മരിച്ച അനിലിന്റെ സഹോദരൻ സുനിൽ, മരിച്ച സുധീഷിന്റെ സഹോദരൻ സുജീവ്, മരിച്ച രാഹുലിന്റെ സഹോദരൻ രാജേഷ് എന്നിവരും യാത്ര സംഘത്തിൽ ഉണ്ടായിരുന്നു. കൂട്ടുകാരെല്ലാവരും കുറി ചേർന്നു സ്വരൂപിച്ച പണം കൊണ്ടായിരുന്നു യാത്ര.
മരണവിവരം അറിഞ്ഞ് ഒട്ടേറെപ്പേരാണ് ആ ഗ്രാമത്തിൽ എത്തിയത്. മരിച്ച വിഘ്നേഷ് യാത്ര കഴിഞ്ഞു വന്നാൽ കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു ചേരാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. മരിച്ച അനിലിന് അശ്വിൻ എന്ന മകനല്ലാതെ മൂന്നു മാസം പ്രായമുള്ള മകൾ കൂടിയുണ്ട്. മകളുടെ നൂലുകെട്ട് ചടങ്ങ് അടുത്തിടെ ആഘോഷിച്ചിരുന്നു. മരിച്ച രാഹുലിന്റെ വിവാഹം ഫെബ്രുവരി 5നും സുധീഷിന്റെ വിവാഹം ഫെബ്രുവരി 9നും ആയിരുന്നു.
യുവാക്കളുടെ മൃതദേഹം എത്രയും വേഗം വിട്ടുകിട്ടുന്നതിനായി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. മരണവിവരമറിഞ്ഞ് കെഎസ്ഇബി ഡയറക്ടറും ജനതാദൾ (എസ്) നേതാവുമായ വി.മുരുകദാസ്, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ എന്നിവർ സ്ഥലത്തെത്തി. കശ്മീരിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തി.