ഓംബുഡ്സ്മാൻ ഉത്തരവും അവഗണിച്ചു പഞ്ചായത്ത്; ഈ വഴി നന്നാക്കാൻ ഇനിയെന്തു വഴി?
Mail This Article
ആലത്തൂർ ∙ ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടും വഴി ഗതാഗത യോഗ്യമാക്കുന്നതിൽ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാണിക്കുന്നതായി പരാതി. തരൂർ പഞ്ചായത്ത് 11ാം വാർഡ് നെല്ലിപ്പാടം ചിറക്കോട് പാടശേഖരത്തിലേക്കുള്ള പാതയാണു നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ താറുമാറായി കിടക്കുന്നത്. റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, എംഎൽഎ, എംപി, കലക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കെല്ലാം പരാതി നൽകിയിരുന്നു. വഴിക്കു വീതി കുറവായതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കാമെന്നു പഞ്ചായത്ത് മറുപടി നൽകിയെങ്കിലും ഇതു നടപ്പായില്ല.
പ്രദേശത്തെ നാൽപതോളം കൃഷിക്കാർക്കു കൃഷിയിടത്തിലേക്കുള്ള വഴിയാണിത്. 250 മീറ്റർ ചെളി നിറഞ്ഞ ഭാഗത്തുകൂടിയാണു പാടത്തേക്കു പോകുന്നത്. മഴക്കാലത്തു വഴിയുടെ അവസ്ഥ വളരെ ശോചനീയമാണ്. വിത്ത്, വളം, കൃഷിയുപകരണങ്ങൾ എന്നിവ ചെളി നിറഞ്ഞ പാതയിലൂടെ തലച്ചുമടായാണു കർഷകർ പാടത്തേക്കു കൊണ്ടുപോകുന്നത്. രണ്ടു വർഷമാകാറായിട്ടും ഒരു നടപടിയും ഇല്ലാതിരുന്നതിനെ തുടർന്നാണു കർഷകർ ഓംബുഡ്മാനിൽ പരാതി നൽകിയത്. ആ ഉത്തരവിനു ഫലം ഉണ്ടാകാതെ വന്നപ്പോൾ കർഷകർ വീണ്ടും ഓംബുഡ്മാനെ തന്നെ സമീപിച്ചു.
ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന താക്കീതോടെ രണ്ടാം തവണയും ഓംബുഡ്മാൻ റോഡ് നിർമിക്കണമെന്ന് ഉത്തരവിട്ടു. തുടർന്നു നവംബർ 30നു പഞ്ചായത്ത് അധികൃതർ വഴി പരിശോധനയ്ക്ക് എത്തിയെങ്കിലും കർഷകരെയോ പരാതിക്കാരെയോ അറിയിച്ചില്ലെന്നു പറയുന്നു. റോഡിനാവശ്യമായ വീതി ഇല്ലെന്നായിരുന്നു വീണ്ടും കണ്ടെത്തിയത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി അനുശാസിക്കുന്ന വീതി വഴിക്കുണ്ടെന്നു കർഷകർ പറയുന്നു.