യാത്രാദുരിതത്തിന്റെ നടുവിൽ പൂവക്കോടു നിവാസികൾ
Mail This Article
പട്ടാമ്പി ∙ നാടിനു നടുവിലൂടെയുള്ള റോഡുകളുടെ തകർച്ചയിൽ യാത്രാ ദുരിതത്തിലാണ് പൂവക്കോട് നിവാസികൾ മരുതൂർ ആമയൂർ റോഡും, കരിമ്പുള്ളി പൂവക്കോട് റോഡുമാണ് പൂവക്കോട്ടുകാർക്ക് നാട്ടിലേക്ക് വരാനും പോകാനുമുള്ള റോഡുകൾ. രണ്ട് റോഡുകളും അടുത്തൊന്നും റീടാറിങ് നടത്താത്തതിനാൽ തകർന്ന നിലയിലാണ്. ജല ജീവൻ മിഷൻ പദ്ധതിയിലെ പൈപ്പിടലും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.
ഓങ്ങല്ലൂർ പഞ്ചായത്തിനെയും, കൊപ്പം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പൂവക്കോട് വഴിയുള്ള 6 കിലോമീറ്റർ വരുന്ന മരുതൂർ ആമയൂർ റോഡ്. ഇൗ റോഡിൽ മരുതൂരിൽ നിന്നും പൂവക്കോട് വരെയുള്ള രണ്ട് കിലോ മീറ്റർ ദൂരവും, ആമയൂരിൽ നിന്നും കിഴക്കേക്കര വരെയുള്ള ഒന്നര കിലോ മീറ്റർ റോഡും റീടാറിങ് നടത്തിയെങ്കിലും റോഡിന്റെ നടുഭാഗം പൂവക്കോട് പ്രദേശത്തുള്ള രണ്ടര കിലോമീറ്റർ റീ ടാറിങ് നടത്താത്തതിനാൽ തകർന്ന നിലയിലാണ്.
പൂവക്കോട് അങ്കണവാടിക്ക് മുന്നിൽ റോഡിൽ വലിയ കുഴി തന്നെ രൂപപ്പെട്ടിട്ടുണ്ട്. ചേലക്കോട്, പെരുമ്പിലാവിൽ പടി ഭാഗങ്ങളിലെല്ലാം റോഡിന് തകർച്ചയുണ്ട്. പൂവക്കോട്ടുകാർ യാത്രയ്ക്ക് ആശ്രയിക്കുന്ന കരിമ്പുള്ളി പൂവക്കോട് റോഡും വിവിധയിടങ്ങളിൽ തകർന്ന നിലയിലാണ്.റോഡുകൾ പൊതു മരാമത്ത് വകുപ്പിന് കീഴിലല്ലാത്തതിനാൽ പൊതുമരാമത്ത് വകുപ്പ് ഫണ്ട് റോഡുകൾക്ക് കിട്ടുന്നില്ല.
ത്രിതല പഞ്ചായത്തുകൾക്ക് റോഡ് നവീകരണത്തിന് വേണ്ടത്ര തുക മാറ്റിവയ്ക്കാൻ കഴിയുന്നുമില്ല. അപകടങ്ങൾ വർധിച്ച സാഹചര്യം കണക്കിലെടുത്ത് റോഡ് നവീകരണത്തിന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.