സബ് റജിസ്ട്രാർ ഓഫിസിൽ വിജിലൻസ് റെയ്ഡ്: കണക്കിൽ പെടാത്ത 9,400 രൂപ പിടിച്ചു
Mail This Article
ആലത്തൂർ ∙ സബ് റജിസ്ട്രാർ ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 9,400 രൂപ പിടിച്ചെടുത്തു. സബ് റജിസ്ട്രാർ ഡി.ബിജുവിൽ നിന്ന് 3200 രൂപയും ഹെഡ് ക്ലാർക്ക് കെ.എൽ.സുനിൽകുമാറിൽ നിന്ന് 3100 രൂപയും ഓഫിസ് അറ്റൻഡന്റ് എം.എൽ.ബിജുവിൽ നിന്ന് 3100 രൂപയുമാണു പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു പാലക്കാട് വിജിലൻസ് ഡിവൈഎസ്പി സി.എം.ദേവദാസിന്റെ നേതൃത്വത്തിൽ റെയ്ഡ് ആരംഭിച്ചത്. സബ്റജിസ്ട്രാർ ഓഫിസിലെ കൈക്കൂലിയെപറ്റി വ്യാപകമായ പരാതി ലഭിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയതെന്നു ഡിവൈഎസ്പി അറിയിച്ചു. എസ്ഐമാരായ ഡി.സുരേന്ദ്രൻ, സുദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉവൈസ്, സുഭാഷ്, രാജേഷ്, സന്തോഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പൊതുമരാമത്ത് റോഡ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെ ഡപ്യൂട്ടി എൻജിനീയർ കെ.എ.ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു നൽകുമെന്നു വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു.