ADVERTISEMENT

പാലക്കാട് ∙ വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട വാർത്ത പാലക്കാടിനെയും തെല്ലൊന്നുമല്ല ഞെട്ടിച്ചത്. ഒരു പി.ടി.സെവൻ അകത്തായെന്നു കരുതി ആശ്വസിക്കാൻ കഴിയാത്ത പാലക്കാട്ടുകാരെ കൂടുതൽ ഭയത്തിലാക്കുന്നു വയനാട്ടിൽ നിന്നുള്ള വാർത്ത. വൈദ്യുതി വേലി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യത്തിന് ആനപ്പിണ്ടത്തിന്റെ വില പോലും കൽപിക്കാത്ത അധികൃതർക്കുള്ള മുന്നറിയിപ്പു കൂടിയാണിത്. വന്യജീവി ആക്രമണത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ ജില്ലയിൽ നടപ്പാക്കാൻ ഇനിയും വനം വകുപ്പിനു കഴിഞ്ഞിട്ടില്ല.

കേരളവും തമിഴ്നാടും വ്യത്യാസം ആനയും  ആടും പോലെ
വാളയാറിൽ ആനകൾ റെയിൽവേ ട്രാക്കിലേക്കു കടക്കുന്നതും പിന്നീടു ജനവാസമേഖലയിലേക്ക് എത്തുന്നതും പതിവാണ്. കേരളത്തിന്റെ ഭാഗത്തു റെയിൽവേലി പദ്ധതി ഒരുക്കിയെങ്കിലും പാതിവഴിയിൽ നിലച്ചു. വനംവകുപ്പും റെയിൽവേയും തമ്മിലുള്ള പടലപ്പിണക്കം മൂലമാണു സർവേ കടലാസിൽ ഒതുങ്ങിയത്. 8 കോടി രൂപയാണ് ഇതിനായി പ്രഖ്യാപിച്ചത്. പഴയ റെയിൽപാളങ്ങൾ അടുക്കി വേലി കെട്ടാനായിരുന്നു ശ്രമം.അതിർത്തിക്കപ്പുറം തമിഴ്നാട് ഭാഗത്ത് ആനകൾക്കു റെയിൽ കടക്കാൻ അടിപ്പാതകൾ നിർമിക്കുന്നുണ്ട്. ഒന്നു തുറന്നു കൊടുത്തു. ആനകളെ നിരീക്ഷിക്കാൻ എഐ ക്യാമറകളും അവ ട്രാക്കിൽ കയറിയാൽ വിവരം നൽകാൻ അലാമും സ്ഥാപിച്ചു.

ഓരോ വനം ഡിവിഷനിലെയും ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെ
മണ്ണാർക്കാട് പേടി മാറാതെ കുടിയേറ്റ മേഖല
മണ്ണാർക്കാട് വനമേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ഹാങ്ങിങ് ഫെൻസിങ് നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ കോട്ടോപ്പാടം പൊതുവപ്പാടം മുതൽ 30 ഏക്കർ വരെ രണ്ടു കിലോമീറ്റർ പൂർത്തിയായി. കുമരംപുത്തൂർ കുരുത്തിച്ചാൽ മുതൽ തിരുവിഴാംകുന്ന് ഇരട്ടവാരി വരെ 16 കിലോമീറ്ററാണു പുതുതായി ഫെൻസിങ് സ്ഥാപിക്കുന്നത്. തിരുവിഴാംകുന്നു മുതൽ എടത്തനാട്ടുകര വരെ 38 കിലോമീറ്ററും ആനമൂളി മുതൽ തത്തേങ്ങലം വരെ 22 കിലോമീറ്ററും കൂടി വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ചാലേ ആശങ്ക ഒഴിയുകയുള്ളൂ.ആനമൂളി, മെഴുകുംപാറ, തത്തേങ്ങലം, അമ്പലപ്പാറ, എടത്തനാട്ടുകര മേഖലകളിലും ഫെൻസിങ് വേണമെന്നാണ് ആവശ്യം. മണ്ണാർക്കാട് കേന്ദ്രീകരിച്ച് ആർആർടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് അംഗങ്ങളും സൗകര്യവും ഒരുക്കാൻ കഴിഞ്ഞിട്ടില്ല.‌അട്ടപ്പാടിക്കു മാത്രമായും ആർആർടി ആരംഭിച്ചിട്ടില്ല.

 ∙ പാലക്കാട് 80 കിലോമീറ്റർ വേലി 
പാലക്കാട് ഡിവിഷനിലെ വാളയാറിലാണു ജില്ലയിൽ കാട്ടാനശല്യം ഏറ്റവും രൂക്ഷം. ഇവിടെ 6 സെക്‌ഷനുകളിലും കാട്ടാനകൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളുണ്ട്. വാളയാർ, പുതുശ്ശേരി സൗത്ത്, നോർത്ത്, കൊട്ടേക്കാട് തുടങ്ങിയ സെക്‌ഷനുകളിലും പ്രശ്നങ്ങളുണ്ട്.പ്രതിരോധ നടപടികൾ ഏറ്റവും ഊർജിതമായതും പാലക്കാട് ഡിവിഷനിലാണ്. 80 കിലോമീറ്ററിലേറെ ഫെൻസിങ് ഒരുക്കി. ഇതിൽ പുതുശ്ശേരി സൗത്ത്, നോർത്ത്, വാളയാർ മേഖലകളിലായി 35 കിലോമീറ്റർ തൂക്കു ഫെൻസിങ് (ഹാങ്ങിങ് ഫെൻസിങ്) ഒരുക്കി. 20 ഭാഗങ്ങളിൽ കിടങ്ങുകളുണ്ട്. വെള്ളം ലഭ്യമാക്കാൻ കൃത്രിമ തടയണകളും നീരുറവകളും വാളയാറിൽ ഒരുക്കിയിട്ടുണ്ട്.

 ∙ നെന്മാറ വണ്ടിയുണ്ട്, ഓടാൻ ടീമില്ല
റാപ്പിഡ് റെസ്പോൺസ് ടീമിനു വണ്ടിയുണ്ടെങ്കിലും ടീമില്ല. നെന്മാറ വനം ഡിവിഷനിലെ സംസ്ഥാന അതിർത്തിയായ ചെമ്മണാംപതി മുതൽ നെന്മാറ പഞ്ചായത്തിലെ പോത്തുണ്ടി വരെയും അയിലൂർ പഞ്ചായത്തിലെ വനമേഖലയ്ക്കും പ്രയോജനപ്പെടുത്താനായാണ് എംഎൽഎ ഫണ്ടിൽ നിന്ന് ആർആർടിക്കു വാഹനം അനുവദിച്ചത്. എന്നാൽ പ്രശ്നങ്ങളുണ്ടായാൽ ഓടിയെത്താനുള്ള ജീവനക്കാരെ വനംവകുപ്പ് ഇതുവരെ നിയോഗിച്ചിട്ടില്ല.കൊല്ലങ്കോട്, നെല്ലിയാമ്പതി വനം റേഞ്ചിലെ വനം വകുപ്പു ജീവനക്കാർ രാപകലില്ലാതെ ഓടിയാണു മലയോര കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നത്. ചെമ്മണാംപതി മുതൽ പോത്തുണ്ടി വരെയുള്ള 46 കിലോമീറ്റർ മലയോര മേഖലയിൽ തൂങ്ങുന്ന സൗരവേലി സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടില്ല.

മുതലമട പഞ്ചായത്തിലെ സുക്കിരിയാൽ മുതൽ മാത്തൂർ വരെയുള്ള പ്രദേശത്തും എലവഞ്ചേരിയിലെ പന്നിക്കോൽ മുതൽ കൊളുമ്പ് വരെയുമുള്ള പ്രദേശത്താണു നിലവിൽ തൂങ്ങുന്ന സൗര വേലിയുള്ളത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഫണ്ട് ഉപയോഗിച്ചു 13 കിലോമീറ്റർ കൂടി നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. അവശേഷിക്കുന്ന സ്ഥലത്തു സൗരവേലി സ്ഥാപിക്കുന്നതിനു നബാർഡ് ഫണ്ട് വകയിരുത്തി ടെൻഡർ നടത്തിയെങ്കിലും ആരും ടെൻഡർ എടുക്കാൻ തയാറായിട്ടില്ല. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളുടെ മലയോര മേഖലയിൽ ഇരുപതോളം ആനകൾ ഉണ്ട്.നെന്മാറ, പീച്ചി ഡിവിഷനുകൾ വരുന്ന വടക്കഞ്ചേരി, കിഴക്കഞ്ചേരി മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. പനംകുറ്റി, താമരപ്പിള്ളി, പോത്തുചാടി, കണച്ചിപ്പരുത, പുല്ലംപരുത,  കൈതയ്ക്കൽ ഒറവ്, ഒളകര, പാത്രക്കണ്ടം എന്നിവിടങ്ങളിലാണ് ആനശല്യം. പാലക്കുഴി മുതൽ പോത്തുചാടി വരെ ഫെൻസിങ് വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com