പുലിയും ആനയും തൊട്ടടുത്ത് വന്നു പോയി; നടുക്കത്തിൽ കുരുന്നുകൾ: ടീച്ചറുടെ ഉള്ളിൽ തീ
Mail This Article
പാലക്കാട് ∙ അങ്കണവാടിയിലെ ചുമരിൽ തൂങ്ങിയ ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ള പുലിയും ആനയും തങ്ങളുടെ തൊട്ടടുത്തു വരെ വന്നു പോയതറിഞ്ഞ നടുക്കത്തിലാണ് ആ കുരുന്നുകൾ. ടീച്ചർ പറഞ്ഞു: ‘പേടിക്കേണ്ട അവരെ ഫോറസ്റ്റ് മാമൻമാർ കാട്ടിലേക്ക് ഓടിക്കും’. ആ ഉറപ്പിൽ കുട്ടികൾ കളിയും ചിരിയും തുടർന്നു. പക്ഷേ, ടീച്ചറുടെ ഉള്ളിൽ തീയാണ്. ധോണി മൂലപ്പാടത്തെ അങ്കണവാടിക്കു തൊട്ടടുത്തു വരെ കഴിഞ്ഞ ദിവസം പുലിയെത്തി. രണ്ടാഴ്ച മുൻപു കാട്ടാനയും. കുറെ ദിവസങ്ങളായി അങ്കണവാടി അടച്ചിട്ടാണു പഠിപ്പിക്കുന്നത്. രാവിലെ കുട്ടികൾ കയറിയാൽ അങ്കണവാടി അടയ്ക്കും. പിന്നെ തുറക്കുന്നത് അവരെ വീട്ടിലേക്കു വിടുമ്പോഴാണ്.
അങ്കണവാടിക്ക് അടുത്തു താമസിക്കുന്ന എസ്.മുസ്തഫയാണു 11നു രാത്രി ഏഴോടെ പുലിയെ കണ്ടത്. ശബ്ദമുണ്ടാക്കിയതോടെ പുലി കാട്ടിലേക്കു പോയി. സന്ധ്യാനേരത്ത് ഇവിടത്തെ കാട്ടിൽ നിന്നു പുലി മുരളുന്ന പോലത്തെ ശബ്ദം കേൾക്കാറുള്ളതായി വി.സുലോചന പറഞ്ഞു. കഴിഞ്ഞ കുറെ വർഷമായി ഇവിടെ പുലിയുടെ സാന്നിധ്യമുണ്ട്. മലമ്പുഴ, കൊട്ടേക്കാട്, കഞ്ചിക്കോട്, വാളയാർ, കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, നെന്മാറ, വടക്കഞ്ചേരി, മംഗംലം ഡാം, മുണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, നെല്ലിയാമ്പതി മേഖലകളിലും വന്യമൃഗ ശല്യമുണ്ട്.
പുലിയെ കണ്ടു; മുസ്തഫ പറയുന്നു
രാത്രി ഏഴു മണിയോടെ വീട്ടിലെ നായയെ തുറന്നു വിട്ട ശേഷം വീട്ടിലേക്കു കയറി. വലിയ ശബ്ദമുണ്ടാക്കി നായ വേഗത്തിൽ ഓടി വരുന്നതു കണ്ട് ടോർച്ച് തെളിച്ചു പുറത്തേക്കു നോക്കി. നല്ല വലുപ്പമുള്ള പുലി നായയുടെ പിന്നാലെ ഓടുന്നു. ടോർച്ച് വെട്ടം കണ്ട് പുലി നിന്നു. വലിയ ശബ്ദമുണ്ടാക്കിയതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്കു പോയി. ഇവിടെ പുലിയുടെ കാൽപാടുകളും കണ്ടെത്തി.
വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണം
കന്നുകാലികൾ, നായ്ക്കൾ, ആടുകൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണമെന്നു വനംവകുപ്പ്. തൊഴുത്തിൽ വെളിച്ചം നല്ലതാണ്. മേയാൻ വിടുന്ന കാലികളെ ഇരുട്ടും മുൻപു തിരികെയെത്തിക്കുക. നായ്ക്കളുടെ കൂട് നന്നായി അടയ്ക്കുക. ധോണിയിലും മലമ്പുഴ അകമലവാരത്തും ഈയിടെ തെരുവു നായ്ക്കളെയും വളർത്തുനായ്ക്കളെയും കാണാതാകുന്നതു പതിവാണ്. ഇവയുടെ ശരീരാവശിഷ്ടങ്ങൾ പലയിടത്തു നിന്നായി കണ്ടെത്താറുണ്ട്.
ചക്കയില്ല, ഉണ്ണിത്തണ്ടിനോടു പ്രിയം
കാട്ടാനകളെ പേടിച്ചു പ്ലാവു വെട്ടിക്കളഞ്ഞവരാണു ധോണിയിലെ പലരും. പൈനാപ്പിൾ കൃഷി പൂർണമായും ഉപേക്ഷിച്ചു. പക്ഷേ, കാട്ടാനകൾ പുതിയ രുചി കണ്ടെത്തി – വാഴകളിലെ ഉണ്ണിത്തണ്ട്. വാഴപ്പോളകൾ കീറി അതിലെ ഉണ്ണിത്തണ്ടു മാത്രം കഴിച്ചു മടങ്ങും. കുലച്ച വാഴ ആണെങ്കിൽ കുലയും വാഴപ്പൂവും തിന്നും. ഈയിടെ ധോണിയിൽ നശിപ്പിച്ചതു നൂറിലേറെ വാഴകൾ. പൂത്തു തുടങ്ങിയ മാവുകളിലും ആനകളുടെ കണ്ണുണ്ട്. ആന അടുത്തതായി എന്തു രുചി കണ്ടെത്തുമെന്ന ആശങ്കയിലാണു നാട്ടുകാർ.
കാട്ടുമൃഗങ്ങളുടെ എണ്ണം വർധിച്ചു
കഴിഞ്ഞ 5 വർഷത്തിനിടെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ കണക്കു പറയുന്നു. കാട്ടുപന്നികൾ 30 ഇരട്ടിയിലേറെയായി. കാട്ടാനകളുടെ എണ്ണം മൂന്നിരട്ടിയായി. പുലി, ചെന്നായ, മയിൽ, കുരങ്ങ് എന്നിവയുടെ എണ്ണത്തിലും വർധനയുണ്ട്. കടുവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഇവയെല്ലാം നാട്ടിലിറങ്ങുന്നതു പതിവായി. ചക്ക, മാങ്ങ, പൈനാപ്പിൾ എന്നിവയുടെ രുചി അറിഞ്ഞ കാട്ടാനകൾ അതു തേടിയാണ് എത്തുന്നതെന്നു വനംവകുപ്പു പറയുന്നു. വേനലിൽ കാട്ടിലെ ചോലകൾ വറ്റിയതും വന്യമൃഗങ്ങളെ നാട്ടിലേക്ക് എത്തിക്കുന്നു.
അതിരാവിലെയുള്ള നടത്തം ഒഴിവാക്കാൻ നിർദേശം
കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ അതിരാവിലെയുള്ള നടത്തം ഒഴിവാക്കണമെന്നു വനംവകുപ്പിന്റെ നിർദേശം. രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശി എ.ശിവരാമനെ ആന ആക്രമിച്ചു കൊലപ്പെടുത്തിയതു 2022 ജൂലൈയിൽ ആണ്. വെളിച്ചം എത്തും മുൻപുള്ള പ്രഭാതനടത്തം പരമാവധി ഒഴിവാക്കാനാണു നിർദേശം. ചെവിയിൽ ഹെഡ് സെറ്റ് വച്ചുള്ള നടത്തം വേണ്ട. ഒറ്റയ്ക്കു നടക്കുന്നതും ഒഴിവാക്കണം. കാട്ടാനയില്ലെന്ന് ഉറപ്പാക്കിയശേഷം ജാഗ്രതയോടെ നടക്കണം. ടാപ്പിങ് തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങി പുലർച്ചെ ജോലിക്കിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
കാട്ടുപന്നി ഇടിച്ച് അപകടമരണം;സഹായധനം ലഭിച്ചില്ല
മംഗലംഡാം ∙ സന്തോഷത്തോടെ ചിരിച്ച് സ്കൂളിലേക്കു പോകുമ്പോൾ കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ‘ഡ്രൈവറാന്റി ’ മരിച്ച വിഷമത്തിൽ നിന്ന് ആ കുട്ടികൾ മോചിതരായിട്ടില്ല. കുട്ടികളുമായി സ്കൂളിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടുപന്നി ഇടിച്ചു മറിഞ്ഞാണ് കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം മനോജിന്റെ ഭാര്യ വിജിഷ സോണിയ (37) മരിച്ചത്. മരണം നടന്ന് ഏഴ് മാസമായിട്ടും കുടുംബത്തിന് ഇതുവരെ സഹായധനം ലഭിച്ചിട്ടില്ല.
രേഖകളെല്ലാം സമർപ്പിച്ചിരുന്നു. കഴിഞ്ഞ നവകേരള സദസ്സിലും പരാതി ബോധിപ്പിച്ചെങ്കിലും ഫണ്ട് വരുന്ന മുറയ്ക്ക് ലഭിക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് വിജിഷയുടെ ഭർത്താവ് മനോജ് പറയുന്നു. ഏറെ പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് കുടുംബത്തിന് ആശ്വാസമാകുമെന്നു കരുതിയാണ് വിജിഷ സോണിയ ഓട്ടോ ഓടിക്കാൻ ആരംഭിച്ചത്. പക്ഷേ, സ്കൂളിലേക്കുള്ള യാത്രയിൽ കാട്ടുപന്നി മരണത്തിന്റെ രൂപത്തിലെത്തി. ഓട്ടോയിൽ വാതിൽ ഉള്ളതുകൊണ്ടു മാത്രമാണ് കുട്ടികൾക്ക് വലിയ തോതിൽ അപകടം പറ്റാതിരുന്നത്. വിജിഷയുടെ മകൻ അശോക് പത്തിലും ആകാശ് ഒൻപതിലുമാണ് പഠിക്കുന്നത്. മനോജിന്റെ വരുമാനം മാത്രമാണ് പഠനത്തിനും വീട്ടുചെലവിനുമായുള്ളത്.
കാട്ടുപന്നിയുടെ ആക്രമണം: മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല
വടക്കഞ്ചേരി ∙ കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ വനം വകുപ്പിന് നിഷ്ക്രിയത്വം. 2023 മാർച്ച് പത്തിന് കാട്ടുപന്നി ഓട്ടോയിൽ ഇടിച്ചതിനെത്തുടർന്ന് മരിച്ച ഓട്ടോഡ്രൈവർ വടക്കഞ്ചേരി പഴയ ചന്തപ്പുര ഹക്കീമിന്റെ കുടുംബത്തിന് ഇതുവരെ സഹായധനം ലഭിച്ചിട്ടില്ല. വടക്കഞ്ചേരി ആയക്കാട് പാടത്തിന് സമീപത്തെ റോഡിലൂടെ രാത്രിയിൽ യാത്രക്കാരുമായി പോകുമ്പോഴാണ് പാഞ്ഞു വന്ന കാട്ടുപന്നി ഓട്ടോറിക്ഷയിലേക്ക് ചാടിക്കയറിയത്. ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിൽ തെറിച്ചുവീണ ഹക്കീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വനം വകുപ്പിന് അപേക്ഷ നൽകിയെങ്കിലും ഫണ്ട് വരുമ്പോൾ തരാമെന്നാണു പറയുന്നതെന്ന് ഹക്കീമിന്റെ ഭാര്യ ഹബീബ പറഞ്ഞു. 3 മക്കൾ ഇവർക്കുണ്ട്.കുടുംബത്തിന് ഏക വരുമാനമാർഗം നിലച്ചതോടെ ഈ കുടുംബം ദുരിതത്തിലാണ്.