ADVERTISEMENT

പാലക്കാട് ∙ ബിജെപിക്ക് ഒരു എംപിയെപ്പോലും നൽകാത്ത കേരളത്തിൽ അവരുടെ താൽപര്യം സംരക്ഷിക്കാൻ ഞങ്ങളുണ്ട് എന്നു പ്രഖ്യാപിച്ചവരാണു കോൺഗ്രസ് എംപിമാരെന്നു പാലക്കാട് ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി എ.വിജയരാഘവൻ പറഞ്ഞു. ഇടതു മുന്നണി തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ടു നടത്തിയ റോഡ് ഷോയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹം.

അമിതാധികാരവും വിദ്വേഷത്തിന്റെ രാഷ്ട്രീയവും കളിച്ചു രാജ്യം ഭരിക്കുന്ന ബിജെപിക്ക് അവരുടെ ഹീനമായ രാഷ്ട്രീയ നിലപാടുകൾ മുന്നോട്ടു കൊണ്ടു പോകാൻ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ അതു പരിഹരിക്കാനുള്ള കരുതൽ ശേഖരം പോലെ നിൽക്കുന്നവരാണു കോൺഗ്രസ് എംപിമാരും നേതാക്കളും. ഏറ്റവും ഒടുവിൽ‍ ഹിമാചൽപ്രദേശിൽ വരെ അതാണു കണ്ടത്. നാടിനെ ഈ വിധമാക്കുന്നതിൽ ബിജെപിക്കു കരുത്തു പകരുന്നതു കോൺഗ്രസ് ആണ്. കേരളം സ്വീകരിച്ച ബദൽ നിലപാടുകളെ തകർക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണു ബിജെപി നടത്തുന്നത്. ഇവിടെ നിന്നു ജയിച്ചു പോയ യുഡിഎഫ് എംപിമാർ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരായാണു നിന്നതെന്നും അദ്ദേഹം ആരോപിച്ചു.

റോഡ് ഷോയ്ക്ക് വരവേൽപ്
എ.വിജയരാഘവൻ നടത്തിയ റോഡ് ഷോയ്ക്കു ജില്ലാ ആസ്ഥാനത്ത് ആവേശത്തോടെ വരവേൽപ്. ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള വിളംബര ജാഥകൂടിയായി റോഡ് ഷോ. കോട്ട പരിസരത്തു നിന്നു പഞ്ചവാദ്യത്തിന്റെയും മുത്തുക്കുടകളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ സ്ഥാനാർഥി വോട്ടർമാരെ അഭിവാദ്യം ചെയ്തു. ഐഎംഎ ബൈപാസ്–സു‍ൽത്താൻപേട്ട ജംക്‌ഷൻ–ഹെഡ്പോസ്റ്റ് ഓഫിസ് റോഡ്–കോർട്ട് റോഡ് വഴി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സമാപിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, ജില്ലാ സെക്രട്ടറി ഇ.എ‍ൻ.സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം എൻ.എ‍ൻ.കൃഷ്ണദാസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്‌രാജ്, ഘടകകക്ഷി നേതാക്കൾ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com