ADVERTISEMENT

കൊല്ലങ്കോട് ∙ പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈനിൽ അനുവദിച്ച മംഗളൂരു–രാമേശ്വരം ട്രെയിനിന്റെ വരവു പുതിയ ട്രെയിനുകൾക്കു സാധ്യത തുറക്കും. മീറ്റർ ഗേജ് കാലത്തു സർവീസ് നടത്തിയിരുന്ന രാമേശ്വരം ട്രെയിനുകൾക്ക് ഏറെ യാത്രക്കാരുണ്ടായിരുന്നു. പാലക്കാട്–രാമേശ്വരം പാസഞ്ചർ ട്രെയിനുകളിൽ പഴനി, മധുര, രാമേശ്വരം എന്നീ തീർഥാടന കേന്ദ്രങ്ങളിലേക്ക് ഒട്ടേറെ യാത്രികർ ഉണ്ടായിരുന്നു. ഗേജ് മാറ്റത്തിനു ശേഷം നിർത്തിയ ട്രെയിനുകൾ ആരംഭിക്കാത്തതിൽ കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് ആഴ്ചയിൽ ഒരു ദിവസം എന്ന നിലയ്ക്കു മംഗളൂരു–രാമേശ്വരം ട്രെയിൻ ആരംഭിക്കാൻ റെയിൽവേ അനുമതി നൽകിയിരിക്കുന്നത്. 

യാത്രികരുടെ തിരക്ക് ഉണ്ടായാൽ കൂടുതൽ ദിവസം ആക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുമെന്നും സൂചനയുണ്ട്. ഇതിനൊപ്പം തന്നെ എറണാകുളം-രാമേശ്വരം ട്രെയിൻ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. ഗേജ് മാറ്റത്തിനു ശേഷം വൈദ്യുതീകരണം പൂർത്തിയാക്കിയ പാലക്കാട്–പൊള്ളാച്ചി ലൈനിൽ മെമു ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്. പാലക്കാട്-പൊള്ളാച്ചി-പോത്തന്നൂർ, പാലക്കാട്-പൊള്ളാച്ചി-പഴനി എന്നീ മെമു ട്രെയിനുകൾക്കാണു സാധ്യത. പാലക്കാട് നിന്നും ആരംഭിച്ചു പൊള്ളാച്ചി വഴി പോത്തന്നൂർ പോകുന്ന മെമു പിന്നീട് കോയമ്പത്തൂർ വഴി പാലക്കാട്ടേക്കും സർവീസ് നടത്തുകയാണു പദ്ധതി.

ട്രയാംഗുലർ സർവീസ് എന്ന നിലയ്ക്കാണു മെമു ട്രെയിനുകൾ റെയിൽവേ പരിഗണിച്ചിരുന്നത്. ഇതു കൂടാതെ തീർഥാടന കേന്ദ്രമായ പഴനിയിലേക്കും പാലക്കാട് നിന്നും മെമു ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ യാത്രക്കാരുണ്ടാകുമോ എന്ന ആശങ്കയിലാണ് അതു മാറ്റിയിരിക്കുന്നത്.  മംഗളൂരു–രാമേശ്വരം ട്രെയിൻ വിജയിച്ചാൽ മെമുവിനും സാധ്യത തെളിയും. ആരംഭിക്കുന്ന ട്രെയിനുകൾക്കു കൊല്ലങ്കോട്ടും സ്റ്റോപ്പ് അനുവദിക്കുന്നതു യാത്രക്കാർക്കു സൗകര്യമാകും. പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈൻ മീറ്റർഗേജ് ആയിരുന്ന കാലത്തു കൊല്ലങ്കോട് ഒരു പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു.

എന്നാൽ ഗേജ് മാറ്റത്തിനു ശേഷം കൊല്ലങ്കോട് അവഗണിക്കപ്പെടുകയായിരുന്നു. പുതിയ ലൈനിൽ ആദ്യ ഘട്ടത്തിൽ തിരുച്ചെന്തൂർ എക്സ്പ്രസ് ട്രെയിനിനു മാത്രമായിരുന്നു കൊല്ലങ്കോട് സ്റ്റോപ്പ് ഉണ്ടായിരുന്നത്. പിന്നീട് ജനകീയ ആവശ്യത്തിനൊടുവിലാണു അമൃത എക്സ്പ്രസിനു കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത്. കൊല്ലങ്കോട് സ്റ്റോപ്പ് വരുന്നത് വാണിജ്യ ആവശ്യങ്ങൾക്ക് ഒപ്പം തീർഥാടന ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടും. പൊള്ളാച്ചി, ഉദുമൽ, പഴനി എന്നിവിടങ്ങളിൽ ജോലിക്കു പോകുന്നവർ സീസൺ ടിക്കറ്റ് എടുത്തു യാത്ര ചെയ്തിരുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com