മുംബൈ കസ്റ്റംസ് ചമഞ്ഞ് പണം തട്ടിയ 2 പേർ അറസ്റ്റിൽ
Mail This Article
പാലക്കാട് ∙ മുംബൈ കസ്റ്റംസ് ചമഞ്ഞ് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആലപ്പുഴ വണ്ടാനം സ്വദേശികളായ വൃക്ഷവിലാസം തോപ്പിൽ അൻസിൽ (36), നീർക്കുന്നം മാടപ്പുരക്കൽ വീട്ടിൽ ഷാജഹാൻ (36) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ട്.
മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയ പ്രധാന പ്രതികളിൽ ഒരാൾ കേസിലെ പരാതിക്കാരിയെ വിഡിയോ കോളിങ് ആപ്പിലൂടെ വിളിക്കുകയും, പരാതിക്കാരി മുംബൈയിൽ നിന്നു കൊറിയർ മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറിൽ മയക്കുമരുന്ന് ഉണ്ടെന്നും ആയതിന് മുംബൈ കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
ശേഷം പരാതിക്കാരിയിൽ നിന്ന് ഗൂഗിൾ പേ മുഖേന 98,000 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. പിന്നീട് ഇൗ തുക അൻസിലിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും അൻസിൽ തുക പിൻവലിച്ച് ഷാജഹാനു കൈമാറുകയും ചെയ്തു. ഷാജഹാൻ ഈ തുക പ്രധാന പ്രതികൾക്ക് കൈമാറുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തുടർന്നാണ് ഇരുവരെയും നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെയും എഎസ്പി അശ്വതി ജിജിയുടെയും നിർദേശപ്രകാരം ടൗൺ നോർത്ത് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്ഐ അരിസ്റ്റോട്ടിൽ എസ്‌സിപിഒമാരായ ദീപു, വികാസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് സൈബർ ഫൊറൻസിക് അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്.