ADVERTISEMENT

ആലത്തൂർ∙ നാട്ടിടവഴികളിലൂടെ ദേശങ്ങളിലേക്ക് പുരുഷാരം ഒഴുകി, നാദനിറവിൽ നാടു തുള്ളിയാർത്തു. ആനച്ചന്തവും മേളച്ചന്തവും നുകർന്ന് നിർവൃതിപൂണ്ട് ആയിരങ്ങൾ. പുതുക്കുളങ്ങര ഭഗവതിയുടെ തിരുനാൾ മഹോത്സവമായ പുതിയങ്കം–കാട്ടുശ്ശേരി വേല ഇക്കുറിയും ചേതോഹരമായി. ഉച്ചയോടെ ഇരുദേശങ്ങളിലും ഈടു വെടി മുഴങ്ങിയതോടെ ഉത്സവത്തിന്റെ കാഹളം ഉയർന്നു. രണ്ടു മണിയോടെ കാട്ടുശ്ശേരി തൃക്കണാദേവൻ ക്ഷേത്രത്തിൽ നിന്ന് കേളികൊട്ടോടെ കാട്ടുശ്ശേരി ദേശത്തിന്റെ പകൽവേല ആരംഭിച്ചു. 7 ആനകളെ അണിനിരത്തി പഞ്ചവാദ്യത്തോടെ വെള്ളാട്ട് ചിറയിലെ വേലക്കണ്ടത്തിലെത്തി പന്തലിൽ അണിനിരന്നു. കുടമാറ്റം ആരംഭിച്ചു.

ചിറയ്ക്കൽ കാളിദാസൻ തിടമ്പേറ്റി. വൈക്കം ചന്ദ്രമാരാർ, ചോറ്റാനിക്കര നന്ദൻ, കോങ്ങാട് രാധാകൃഷ്ണൻ, കല്ലേക്കുളങ്ങര കൃഷ്ണവാരിയർ, കലാമണ്ഡലം കുട്ടി നാരായണൻ, നെല്ലുവായ് ശശി, മച്ചാട് രാമചന്ദ്രൻ, ചേലക്കര സൂര്യൻ, പല്ലശ്ശന സുധാകരൻ, തിരുവില്വാമല ജയൻ എന്നിവർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകി. ഉച്ചയ്ക്ക് രണ്ടിന് 32 കുടിക്കാരും 4 കുടിക്കാരും തനത് വാദ്യങ്ങളും വെളിച്ചപ്പാടുമായി വേട്ടക്കരുമൻ ക്ഷേത്രത്തിലെത്തിയതോടെ പുതിയങ്കം ദേശത്തിന്റെ പകൽവേലയ്ക്ക് തുടക്കമായി. എഴുന്നള്ളത്തിന് 7 ആനകൾ അണിനിരന്നു. പുതുപ്പള്ളി സാധു തിടമ്പേറ്റി.

പുതിയങ്കം – കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് പുതിയങ്കം ദേശത്തിന്റെ എഴുന്നള്ളത്ത്.
പുതിയങ്കം – കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് പുതിയങ്കം ദേശത്തിന്റെ എഴുന്നള്ളത്ത്.

പഞ്ചവാദ്യത്തിന് പരക്കാട്ട് തങ്കപ്പൻ, കോങ്ങാട് മധു, ഊരമന അജിതൻ, പാഞ്ഞാൾ വേലുക്കുട്ടി, പാലപ്പുറം രാജൻ, തിരുവില്വാമല ഹരി, പെരിങ്ങോട് സുബ്രഹ്മണ്യൻ, കോട്ടക്കൽ രവി, സദനം വരദരാജൻ, മച്ചാട് മണികണ്ഠൻ, വരവൂർ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. പുതിയങ്കം തെക്കുമുറിയിലൂടെ ദേശവീഥികളെ ഭക്തിസാന്ദ്രമാക്കി എഴുന്നള്ളത്ത് വൈകിട്ട് വേലക്കണ്ടത്തിൽ എത്തി അണിനിരന്നു. പഞ്ചവാദ്യത്തിന് കലാശമായി. പാണ്ടിമേളം ആരംഭിച്ചു. ചെണ്ടമേളത്തോടെ ചപ്പലാന എഴുന്നള്ളത്ത് തുടങ്ങി. ഭഗവതിയുടെ ദേശാഗമനത്തെ പ്രതിപാദിക്കുന്ന ഐതിഹ്യത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്. ഇരുദേശങ്ങളിലും എഴുന്നള്ളത്തുണ്ടായിരുന്നു. സന്ധ്യയോടെ ആന കാവുകയറി വെടിക്കെട്ടാരംഭിച്ചു. 

 വള്ളാട്ട് ചിറയിലെ ആനപ്പന്തലിൽ നിന്ന് പാണ്ടിമേളത്തോടെ കാട്ടുശ്ശേരിയുടെ പകൽ എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കരിമരുന്നിന് തീ കൊളുത്തി. ഇരുദേശങ്ങളിലെയും രാത്രി വേല പഞ്ചവാദ്യത്തോടെ ആരംഭിച്ച് പുതുക്കുളങ്ങര ക്ഷേത്രത്തിലേക്ക് നീങ്ങി. ദേശങ്ങളുടെ എഴുന്നള്ളത്തുകൾ ഗാന്ധിജംക്‌ഷനിലെത്തിയപ്പോൾ പഞ്ചവാദ്യം കൊഴുത്തു. മാത്സര്യത്തോടെയുള്ള പഞ്ചവാദ്യം ആസ്വദിക്കുന്നതിന് നാദപ്രേമികൾ തടിച്ചു കൂടി. പറവേല, ചപ്പലാന എഴുന്നള്ളത്തുകൾ കാവുകയറിയതിനു പിറകേ പഞ്ചവാദ്യത്തോടെ എഴുന്നള്ളത്തും കാവുകയറി. തുടർന്ന് പുതിയങ്കം ഈഴവ സമുദായത്തിന്റെ വെടിക്കെട്ട് നടന്നു. ഇന്ന് പുലർച്ചെ കൂട്ടിയെഴുന്നള്ളത്ത് നടത്തി. ഇരുദേശങ്ങളുടെയും എഴുന്നള്ളത്ത് ദേശമന്ദങ്ങളിലേക്ക് തിരിച്ചു. കോലം ഇറക്കിയതോടെ ഉത്സവം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com