പന്നിയങ്കരയിൽ ഏപ്രില്‍ 1 മുതൽ ടോൾ കൂടും; പുതിയ നിരക്ക് ഇങ്ങനെ..
Mail This Article
വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഏപ്രിൽ 1 മുതൽ ടോൾ നിരക്കിൽ വൻ വർധന. നിലവില്‍ കുതിരാനിൽ ഗതാഗതം ഒരു തുരങ്കത്തിലൂടെ മാത്രമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണു ടോള്‍ നിരക്കിൽ വീണ്ടും വർധന. 2022 മാര്‍ച്ച് 9 മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോള്‍, ഏപ്രില്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ചു. പിന്നീടു കോടതിയെ സമീപിച്ചാണു നിരക്ക് കുറച്ചതെങ്കിലും കമ്പനി കേസ് നടത്തി നിരക്ക് വീണ്ടും ഉയര്‍ത്താന്‍ അനുമതി വാങ്ങി. വീണ്ടും 2023 ഏപ്രിലില്‍ നിരക്കു കൂട്ടി. പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അതു മാത്രമാണു പിന്‍വലിച്ചത്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ യാത്രക്കാര്‍ ഇപ്പോള്‍ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിന്‍വലിക്കുമെന്നാണു സൂചന. പന്നിയങ്കരയിൽ പിരിക്കുന്ന ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നത് കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡ് യാത്രയ്ക്ക് ഈടാക്കുന്നത്. യാത്ര നടത്താനാകാത്ത തുരങ്കത്തിന്റെ പേരിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവ് നൽകണമെന്നാണു യാത്രക്കാരുടെ ആവശ്യം.
അതേസമയം, വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളില്‍ പ്രതിഷേധ സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രദേശത്തെ സ്കൂൾ വാഹനങ്ങൾക്കു ജൂണ്‍ മുതല്‍ ടോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്കു നോട്ടിസ് നല്‍കിയിട്ടുണ്ട്.
തുരങ്ക നിര്‍മാണം ഇനിയും നീളും
വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിനുള്ളിലെ അറ്റകുറ്റപ്പണികൾ ഇനിയും നീളും. ജനുവരിയിൽ ആരംഭിച്ച പണികളിൽ പകുതി പോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ കാലവർഷത്തിൽ തുരങ്കമുഖത്തു വഴുക്കുംപാറ പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ജൂലൈ മുതൽ മൂന്നു വരിപ്പാത അടച്ചിട്ടത് 7 മാസമാണു വഴി മുടക്കിയത്.
ആദ്യ തുരങ്കത്തിന്റെ ഇരുമ്പുപാലം മുതൽ വഴുക്കുമ്പാറ നരികിടന്നമട വരെയുള്ള 962 മീറ്റർ ദൂരമാണു കോൺക്രീറ്റിങ് ഉള്ളത്. ഇതിൽ പകുതി ഭാഗം മുൻപു പൂർത്തിയാക്കിയിട്ടുണ്ട‌്. ബാക്കി 400 മീറ്റർ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
പുതിയ നിരക്ക് ഇങ്ങനെ (ബ്രാക്കറ്റില്‍ പഴയ നിരക്ക്)
മടക്കയാത്ര ചേര്‍ത്ത്,
∙മാസ പാസ് (50 ഒറ്റയാത്ര)കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍- 110 (110), ∙165 (160), ∙3695 (3605)
∙ മിനി ബസ്, ചെറിയ വാണിജ്യ വാഹനങ്ങള്‍ -170 (165), ∙255 (250), ∙5720 (5575)
∙ ബസ്, ട്രക്ക്, (രണ്ട് ആക്സില്‍) 350 (340), ∙520 (510), ∙11590 (11300)
∙ വലിയ വാഹനങ്ങള്‍ (3-6 ആക്സില്‍) 530 (515), ∙795 (775), ∙17675 (17235)
∙ ഏഴിൽ കൂടുതല്‍ ആക്സിലുള്ള വാഹനങ്ങള്‍ 685 (665), ∙1000 (1025), ∙22780 (22210)