പാലിയേറ്റീവ് പ്രവർത്തകരുടെ ഇടപെടൽ രാധയുടെ കുടുംബത്തിന് റേഷൻ കാർഡായി, ഇനി വേണ്ടത് വീട്
Mail This Article
അലനല്ലൂർ ∙ പാലിയേറ്റീവ് പ്രവർത്തകരുടെ ഒരു വർഷത്തെ പരിശ്രമത്തിനൊടുവിൽ നല്ലൂർപ്പുള്ളിയിലെ ആമ്പുക്കാട്ടു വീട്ടിൽ രാധയ്ക്കും കുടുംബത്തിനും റേഷൻ കാർഡ് ലഭിച്ചു. ഷീറ്റു മേഞ്ഞ ഒറ്റമുറി ഷെഡിൽ രണ്ടു മക്കളോടൊപ്പമാണു രോഗിയായ രാധ കഴിയുന്നത്. ഇവരെ പരിചരിക്കാൻ എത്തിയ പാലിയേറ്റീവ് ടീം അംഗമായ അലനല്ലൂർ പഞ്ചായത്ത് മുൻ ഉപാധ്യക്ഷയും ആശാ പ്രവർത്തകയുമായ ടി.കെ. അഫ്സറയുടെ നേതൃത്വത്തിലുള്ള ഇടപെടലിലൂടെയാണ് കാർഡ് ലഭിച്ചത്.
ഇവർ താമസിക്കുന്ന ഒറ്റമുറി ഷെഡിനു നമ്പറില്ലാത്തതും റേഷൻ കാർഡ് ഇല്ലാത്തതും പുതിയ വീടിന് അപേക്ഷിക്കാൻ തടസ്സമായിരുന്നു. ആദ്യം ഷെഡിന് വീട്ടുനമ്പർ ശരിയാക്കി നൽകി. തുടർന്ന് റേഷൻകാർഡിന് അപേക്ഷിച്ചെങ്കിലും പല കാരണങ്ങളാൽ നാലു തവണ അപേക്ഷ തള്ളി. ഒരു വർഷത്തോളം ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി നടന്നതിന്റെ ഫലമായി കഴിഞ്ഞ ദിവസമാണ് റേഷൻ കാർഡ് ലഭിച്ചത്. ഇത് പാലിയേറ്റീവ് നഴ്സ് ഉമ്മു സൽമ, എംഎൽഎസ്പി പ്രീജ, ആശാവർക്കർമാരയ ശോഭന, ബെൻസി തോമസ് എന്നിവരോടൊപ്പം എത്തി കുടുംബത്തിനു കൈമാറി.