ADVERTISEMENT

പറളി∙ സ്കൂൾ അടയ്ക്കുന്ന ദിവസം കുട്ടികൾ വച്ചുനീട്ടിയ സമ്മാനപ്പൊതി തുറന്നു നോക്കിയ സക്കീർ ഹുസൈന് അൽപസമയത്തേക്ക്  തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനവുമായാണ് വിദ്യാർഥികളെത്തിയത്. 

കിടിലൻ വാച്ച് സമ്മാനമായി കരുതിയാണ് സ്കൂൾ അധ്യയന വർഷത്തെ അവസാനത്തെ ദിവസം കുട്ടികൾ എത്തിയത്. ഓട്ടോ മാമൻ എന്തുകൊണ്ടാണ് വാച്ച് ധരിക്കാത്തതെന്ന ചോദ്യം കുട്ടികൾ എപ്പോഴും ചോദിക്കുമായിരുന്നു. കുട്ടികളുടെ ചോദ്യത്തിന് അവർ തന്നെ ഉത്തരം കണ്ടെത്തിയത് സക്കീറിന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. 

കുട്ടികൾ നൽകിയ സമ്മാനം ഒരു നിധി പോലെയാണ് സക്കീറിനു തോന്നിയത്. ഇത്തരത്തിലുള്ള ഒരു സർപ്രൈസ് സമ്മാനം ജീവിതത്തിൽ തന്നെ ആദ്യമാണെന്നു സക്കീർ പറഞ്ഞു. സക്കീർ ഹുസൈൻ നേരത്തെ വാച്ച് ധരിച്ചിരുന്നതാണ്. പിന്നീട് വാച്ച് താഴെ വീണ് കേടുപറ്റിയതോടെ വാങ്ങുന്നതിനു കൂട്ടാക്കിയിട്ടില്ല. 

സക്കീർ തന്റെ സ്വന്തം മക്കളെ പോലെയാണ് 15 കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതു. പറളി ബാപ്പുജി ഹയർ സെക്കൻഡറിയിലെയും പറളി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളാണിവർ. കുട്ടികൾ സക്കീർപ്പാ എന്നു വിളിക്കുന്ന സക്കീർ ഹുസൈൻ സ്കൂൾ അടയ്ക്കുന്ന ദിവസം തന്റെ കുട്ടികൾക്ക് ലഘു ഭക്ഷണം  വാങ്ങിച്ചു കൊടുക്കുന്ന പതിവുണ്ട്. ഇപ്രാവശ്യം നോമ്പുകാലമായതിനാൽ സക്കീർപ്പ വീട്ടിൽ തയാറാക്കിയ ബിരിയാണിപ്പൊതിയാണ് നൽകിയത്. പറളി ചെക്ക്പോസ്റ്റിലെ ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായ സക്കീർ ഹുസൈൻ പഴയ പോസ്റ്റിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com