ADVERTISEMENT

രാജ്യത്ത് ഒരിടത്തുപോലും ബിജെപിയുമായി നേരിട്ടു മത്സരിക്കാത്ത സിപിഎമ്മാണ് തങ്ങളാണ് ഇന്ത്യയുടെ സംരക്ഷകരെന്നു വീമ്പിളക്കുന്നതെന്നു വി.കെ.ശ്രീകണ്ഠൻ എംപി. ചിഹ്നം നിലനിർത്താൻ തന്നെയാണ് സിപിഎമ്മിന്റെ മത്സരം. ആകെയുള്ള 543 ലോക്സഭാ സീറ്റിൽ 10 ശതമാനത്തിൽ പോലും മത്സരിക്കാത്ത സിപിഎമ്മാണ് ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് ലോക്സഭാ മണ്ഡലം ഇടതുകോട്ടയാണെന്നും കഴിഞ്ഞ തവണ താങ്കളുടെ വിജയം താൽക്കാലിക പ്രതിഭാസമായിരുന്നെന്നും ഇടതുപക്ഷം അവകാശപ്പെടുന്നു. താങ്കളുടെ പ്രതീക്ഷകൾ എങ്ങനെയാണ് ?
ഇത്തവണയും വിജയം ആവർത്തിക്കും. കഴിഞ്ഞ തവണ തോറ്റതിന്റെ ജാള്യം സിപിഎമ്മിനു മാറിയിട്ടില്ല. വോട്ടർമാരെ അവഹേളിക്കുകയാണ് അവർ. 1286 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വർഷങ്ങൾക്കു മുൻപ് ഇപ്പോഴത്തെ സ്ഥാനാർഥി എ.വിജയരാഘവൻ ജയിച്ചത്. എം.ബി.രാജേഷ് 2009ൽ ജയിച്ചത് 1820 വോട്ടിനാണ്. അതെല്ലാം ലോട്ടറി അടിച്ചതാണോ ? എം.ബി.രാജേഷിന്റെ 1,05,300 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഞാൻ അദ്ദേഹത്തെ 11,637 വോട്ടുകൾക്കു തോൽപ്പിച്ചത്. 

കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ദീർഘകാലമായി പ്രതിപക്ഷത്താണ്. ഇരു സർക്കാ‌രുകളും കോൺഗ്രസിന്റെ പതനമാണു ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ പോരാട്ടം ദുഷ്കരമാണോ? 
രണ്ടു പേരുടെയും ലക്ഷ്യം കോൺഗ്രസിനെ തോൽപ്പിക്കുകയാണ്. എംപി എന്ന നിലയിൽ വിശ്രമമില്ലാതെ പരിശ്രമിച്ച് കേന്ദ്രത്തിൽ നിന്ന് ഏതെങ്കിലും പദ്ധതിയോ ഫണ്ടോ കൊണ്ടുവന്നാൽ എങ്ങനെ അത് വൈകിപ്പിക്കാമെന്നും നടപ്പാക്കാതിരിക്കാം എന്നുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നത്.

സിപിഎം എംപിമാർ ഇത്രയും കാലം കൊണ്ടുവരാത്തത്ര ഫണ്ടുകൾ എത്തിച്ചത്  പ്രതിസന്ധി മറികടന്നാണ്. പിറ്റ് ലൈൻ പദ്ധതി പോലെ കേരളത്തിന്റെ റെയിൽവേ ഹബ്ബായി പാലക്കാടിനെ മാറ്റുന്ന പദ്ധതികൾ എത്തിച്ചു. റെയിൽവേ വികസനം, പിഎംജിഎസ്‌വൈ, ഗ്രീൻഫീൽഡ് ഹൈവേ പോലെ അഭിമാനപദ്ധതികളേറെ. പാലക്കാട് കാർഷിക പാക്കേജ്, വിമാനത്താവളം, എയിംസ് എന്നിവയ്ക്കായി കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തി. 

ആദായനികുതി കുരുക്ക് ഉൾപ്പെടെ കോൺഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന കാലമാണ്. സാമ്പത്തികപ്രശ്നം തിരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ടോ ?
തിരഞ്ഞെടുപ്പ് നേരിടുന്ന സമയത്ത് ഒരു പാർട്ടിയുടെ ഫണ്ട് മരവിപ്പിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണ്. കോൺഗ്രസ് തിരിച്ചുവരുമെന്ന ഭയമാണ് ബിജെപിക്ക്. എല്ലാ വാതിലുകളും അടഞ്ഞാലും കോൺഗ്രസ് പ്രവർത്തകർ കയ്യും മെയ്യും മറന്ന് പണിയെടുക്കും. കോൺഗ്രസ് ഫണ്ട് പ്രതിസന്ധി നേരിടുന്നുവെന്ന് മാധ്യമങ്ങളിൽ വന്നതോടെ സാധാരണക്കാരായ ഒട്ടേറെ പേർ കോൺഗ്രസിനെ സഹായിക്കാൻ വരുന്നു. ചെറിയവരുമാനമുള്ളവർ പോലും ഞങ്ങളെന്താണ് നിങ്ങൾക്കു ചെയ്യേണ്ടത് എന്നു ചോദിച്ചു വരുന്നു. 

ബിജെപിയുടെ എ പ്ലസ് മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് പാലക്കാട്. ബിജെപിയാണോ സിപിഎമ്മാണോ പാലക്കാട്ടെ യഥാർഥ എതിരാളി ?
ഇവിടെ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. എ പ്ലസ് മണ്ഡലം എന്ന പേരു പറഞ്ഞ് ഫണ്ട് നേടിയെടുക്കാനാണ് ബിജെപി മത്സരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com