ADVERTISEMENT

പാലക്കാട് ∙ സഹപ്രവർത്തകനുണ്ടായ ആപത്തിനു മുന്നിൽ പകച്ചുനിൽക്കാതെ ജാർഖണ്ഡ് സ്വദേശി ദിനേശ് മാജിയും കോട്ടയം കഞ്ഞിക്കുഴി സ്വദേശി സഞ്ജു അഗസ്റ്റിനും നടത്തിയ ഇടപെടലാണു ഇന്നലെ തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പ്രതി രജനികാന്തയെ ഉടൻ പിടികൂടാൻ സഹായകമായത്. കൊല്ലപ്പെട്ട വിനോദിനൊപ്പം ഇതേ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ദിനേശ് മാജിയും സഞ്ജു അഗസ്റ്റിനും. ഇവർ ഉൾപ്പെടെ 6 ടിടിഇമാരാണ് ട്രെയിനിലുണ്ടായിരുന്നത്. വിനോദ് ഡ്യൂട്ടിയിലുണ്ടായിരുന്നത് 11ാം നമ്പർ കോച്ചിലായിരുന്നു. ഇതിനു തൊട്ടടുത്ത 9ാം നമ്പർ കോച്ചിൽ ദിനേശ് മാജിയും ഏഴാം നമ്പർ കോച്ചിൽ സഞ്ജുവുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 

സംഭവം നടന്നപ്പോൾ, പ്രതി കൂടുതൽ അക്രമകാരിയാകുമെന്നു ഭയന്ന് 11ാം നമ്പർ കോച്ചിലുണ്ടായിരുന്നവർ ഇരിപ്പിടത്തി‍ൽ നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്കു പോയി. ഇവരിലൊരാളാണു സംഭവം ദിനേശിനെയും സഞ്ജുവിനെയും അറിയിച്ചത്. ഉടൻ ഇരുവരും ഈ കോച്ചിലേക്ക് ഓടിയെത്തി. ഇവരെത്തുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി രജനികാന്ത സീറ്റിൽ കിടക്കുകയായിരുന്നു. അടുത്തേക്കു ചെന്നപ്പോൾ ബഹളമുണ്ടാക്കി മർദിക്കാൻ അടുത്തു. പക്ഷേ, ഇരുവരും പിന്തിരിയാതെ ഇയാളെ പിടിച്ചിരുത്തി.

പിന്നീട് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരെത്തിയാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ബഹളമുണ്ടാക്കുകയും ചുറ്റുമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പല തവണ ശ്രമിക്കുകയും ചെയ്തു.  സ്റ്റേഷനിലെത്തി ചോദ്യം ചെയ്യുന്നതിനിടെയിലും ബഹളമുണ്ടാക്കി ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞടുത്തിരുന്നു. പ്രതിക്കൊപ്പം പൊലീസ് നിർദേശത്തിൽ ടിടിഇ സഞ്ജു അഗസ്റ്റിനും പാലക്കാട്ട് ഇറങ്ങി. പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം സഞ്ജു ഡ്യൂട്ടിയിൽ തിരികെ കയറാൻ ഈറോഡിലേക്ക് പോയി. 

കാലിനു പരുക്കേറ്റത് സ്കൂട്ടർ കയറി
ഒരാഴ്ച മുൻപു മദ്യപിച്ചു തെരുവോരത്തു കിടന്നപ്പോൾ സ്കൂട്ടർ കയറിയാണ് രജിനികാന്തയുടെ ഇടതു കാലിനു പരുക്കേറ്റത്. വിരലുകൾക്കു മുറിവുണ്ടായിരുന്നതിനാൽ സ്റ്റേഷനിലെത്തിച്ചു മരുന്നുവച്ചു കെട്ടി. ഇയാളുടെ വലതുകാലിലെ ഒരു വിരൽ ചെറുപ്പത്തിൽ പൊള്ളലേറ്റു നഷ്ടപ്പെട്ടിരുന്നെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com