പേരൂർ പള്ളംതുരുത്തിൽ ശുദ്ധജലക്ഷാമം; ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ് നിലച്ചു
Mail This Article
പത്തിരിപ്പാല ∙ ഭാരതപ്പുഴ വറ്റിവരണ്ടതോടെ പേരൂർ പള്ളംതുരുത്തിൽ ജലക്ഷാമം രൂക്ഷമായി. പള്ളംതുരുത്ത് തടയണയിൽ ഷട്ടർ സ്ഥാപിക്കാത്തതിനാൽ പുഴയിലെ വെള്ളം പൂർണമായി ഒഴുകിപ്പോയിരുന്നു. കഴിഞ്ഞ വർഷം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ മരപ്പലക ഉപയോഗിച്ചു ഷട്ടർ സ്ഥാപിച്ചിരുന്നു. കാലപ്പഴക്കത്തെ തുടർന്നു ഷട്ടർ തകർന്നതോടെ തടയണയിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. പള്ളംതുരുത്തിലെ ലിഫ്റ്റ് ഇറിഗേഷൻ പുഴയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനം നിലച്ചിരിക്കയാണ്.
1972ൽ ഷൊര്‍ണൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ കീഴില്‍ ആരംഭിച്ച ജലവിതരണമാണ് പ്രദേശത്തെ കര്‍ഷകരുടെ ഏക ആശ്വാസം. തടയണയില്‍ മണല്‍ നീക്കം ചെയ്തു ഷട്ടര്‍ സ്ഥാപിക്കണമെന്നു നാട്ടുകാരും കര്‍ഷകരും പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ സ്ഥാപിച്ച ഷട്ടറിന്റെ ചെലവിലേക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നു വകയിരുത്തിയ തുകയും ഇതുവരെ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പുഴയിലെ മണല്‍ മാറ്റിയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പമ്പിങ് കേന്ദ്രത്തിലേക്കു വെള്ളം എത്തിച്ചിരുന്നത്. വെള്ളം പൂര്‍ണമായി വറ്റിയതോടെ പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റി. വാഹനസൗകര്യമില്ലാത്ത തുരുത്തില്‍ താമസിക്കുന്ന 52 കുടുംബങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്. യാത്രാസൗകര്യമില്ലാത്ത പ്രദേശമായതിനാൽ ഏറെ വെല്ലുവിളികൾ നേരിട്ടാണു കർഷകർ വിളയിറക്കുന്നത്. പലതും ഉണങ്ങി.