ADVERTISEMENT

പന്തളം ∙ സ്വകാര്യ ബസ് സ്റ്റാൻഡ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തേക്ക് മാറ്റാനുള്ള നടപടികളുടെ ഭാഗമായി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു കുടുതൽ സ്ഥലം ഏറ്റെടുക്കാൻ നഗരസഭ. ഇതിനു മുന്നോടിയായി എത്ര സ്ഥലമാണ് ഓപ്പറേറ്റിങ് സെന്ററിന് ആവശ്യമെന്ന് അറിയിക്കണമെന്നു കാട്ടി നഗരസഭാ അധികൃതർ കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. 3.5 ഏക്കർ വേണമെന്നു കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. എന്നാൽ, അത്രയും സ്ഥലം നൽകാനാവില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്.

നിലവിൽ സ്റ്റാൻഡ്, യാർഡ് എന്നിവ സ്ഥിതി ചെയ്യുന്ന 2.5 ഏക്കറോളം‍ നൽകാമെന്നും അധ്യക്ഷ പറയുന്നു. സ്ഥലം കൈമാറ്റത്തിനു മുന്നോടിയായി സർവേ നടത്തും. ഇതിനായി കെഎസ്ആർടിസി സ്റ്റാൻഡിനു ചുറ്റുമുള്ള കാട് തെളിച്ചു. ഇന്ന് 10.30ന് നടക്കുന്ന  കൗൺസിലിൽ വിഷയം ചർച്ച ചെയ്യും.1983ൽ, സബ് ഡിപ്പോ‍ തുടങ്ങുന്നതിനായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി പൊന്നുംവിലയ്ക്ക് വാങ്ങി നൽകിയ 3.53 ഏക്കർ സ്ഥലത്താണ് നിലവിൽ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. 38 വർഷമായിട്ടും സ്ഥലം പോക്കുവരവ് ചെയ്തില്ല. ഇതിനായി, കഴിഞ്ഞ ജൂലൈയിൽ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കലക്ടറെ സമീപിക്കാൻ സെക്രട്ടറി അന്നു രേഖാമൂലം മറുപടി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.

ലക്ഷ്യം 6 പദ്ധതികൾ

കെഎസ്ആർടിസി സ്റ്റാൻഡിനു ചുറ്റുമായുള്ള പുറമ്പോക്ക് സ്ഥലം വിവിധ പദ്ധതികൾക്കായി വിനിയോഗിക്കാനാണ് നഗരസഭയുടെ തീരുമാനം. സ്വകാര്യ ബസ് സ്റ്റാൻഡ് ഇവിടേക്ക് മാറ്റുകയാണ് പ്രധാനം. പുതിയ നഗരസഭാ ഓഫിസ്, ഷോപ്പിങ് കോംപ്ലക്സ് എന്നിവ നിർമിക്കാനാണ് ഈ മാറ്റം. അറവുശാല, വൈദ്യുതി ശ്മശാനം, മലിനജല ശുദ്ധീകരണ പ്ലാന്റ്, മാലിന്യ പ്ലാന്റ് എന്നിവയും സ്ഥാപിക്കാനാണ് തീരുമാനം. സ്ഥലം ലഭ്യമായാൽ പാർക്ക് കൂടി സജ്ജമാക്കും.

സ്വകാര്യ ഭൂമിയും?

നിലവിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥലം കൂടാതെ സ്റ്റാൻഡിനു പിൻഭാഗത്തെ സ്വകാര്യ ഭൂമി വാങ്ങാനും ഭരണസമിതിക്ക് ആലോചനയുണ്ട്. 27 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇത് കൂടി ലഭ്യമായാൽ നിർദിഷ്ട പദ്ധതികളെല്ലാം നടപ്പാക്കാൻ യഥേഷ്ടം സ്ഥലം ലഭിക്കുമെന്നാണ് ഭരണസമിതിയുടെ അനുമാനം.

ആശയക്കുഴപ്പം

38 വർഷമായി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിച്ചു വന്ന സ്ഥലം തിരികെ ആവശ്യപ്പെടുന്നതിനു തടസ്സമുണ്ടോയെന്നതിൽ ആശയക്കുഴപ്പമുണ്ട്. കെഎസ്ആർടിസി പോക്കുവരവ് ചെയ്തിട്ടില്ലെന്നതാണ് നഗരസഭയുടെ ബലം. അതേസമയം, 10 വർഷം മുൻപ് കോർപറേഷൻ സ്ഥലം അളന്നു കല്ലിട്ടിരുന്നു. ആർഡിഒയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ഇപ്പോൾ കോർപറേഷന്റെ എസ്റ്റേറ്റ് വിങ്ങിനാണ് മേൽനോട്ടമെന്നും പറയുന്നു.

കെഎസ്ആർടിസിക്കുമുണ്ട് പദ്ധതികൾ

വിസ്തൃതമായ സ്ഥലമുള്ളതിനാൽ പന്തളത്തെ സ്റ്റാൻഡിനോട് ചേർന്നു പല പദ്ധതികളും കോർപറേഷനും പരിഗണിക്കുന്നുണ്ട്. പുതിയ ഓഫിസ് കെട്ടിട നിർമാണമാണ് മുഖ്യം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ 40 ലക്ഷം രൂപ അനുവദിച്ചിട്ട് ഒരു വർഷത്തോളമായി. ഇതിനായി പഴയ കെട്ടിടം പൊളിച്ച്, മണ്ണ് പരിശോധനയും നടത്തിയെങ്കിലും മുടങ്ങിയ നിലയിലാണ്. സിഎൻജി, പെട്രോൾ, ഡീസൽ പമ്പ് തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് എടിഒ എ.ബിജി പറഞ്ഞു. എംപി ഫണ്ടിൽ കാത്തിരിപ്പു കേന്ദ്രവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com