ADVERTISEMENT

മല്ലപ്പള്ളി∙ സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട വസ്തുവിന്റെ ഈടിന്മേൽ കേരള ബാങ്ക്, കുന്നന്താനം ശാഖ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതായി പരാതി. നടയ്ക്കൽ കവലയ്ക്കു സമീപം വെള്ളിയാംകുന്നത്ത് വി.എം. ജോസഫ് ആണ് വായ്പ ലഭിക്കുമോ എന്നറിയുന്നതിന് അധികൃതരുമായി സംസാരിച്ചത്.എന്നാൽ സിൽവർലൈൻ പദ്ധതി അലൈൻമെന്റിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ വായ്പ ലഭിക്കില്ലെന്ന് പറഞ്ഞതായി ജോസഫ് അറിയിച്ചു. 

ജോസഫിന്റെ മകന്റെ എൻജിനീയറിങ് വിദ്യാഭ്യാസ പഠനത്തിന് 3 ലക്ഷം രൂപയാണ് വസ്തു ഈടിന്മേൽ ആവശ്യപ്പെട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 4 വർഷത്തിലേറെയായി ചികിത്സ തുടരുന്നയാളാണ് ജോസഫ്.കെ റെയിൽ സിൽവർ ലൈൻ ബഫർ സോണിലുള്ള വസ്തു പണയപ്പെടുത്തുന്നതിനു തടസ്സമില്ലെന്നു സർക്കാർ പറയുമ്പോഴും വായ്പ ലഭിക്കാത്ത സ്ഥിതി നിലനിൽക്കുന്നു. വായ്പ പുതുക്കി വയ്ക്കുന്നതിനും കഴിയുന്നില്ലെന്നും പരാതിയുണ്ട്.

മഠത്തിൽകാവ് ക്ഷേത്രത്തിനു സമീപം വിഷ്ണുകൃപയിൽ ജയകുമാറിനാണ് ഈ ദുഃസ്ഥിതിയുണ്ടായത്. വിവിധ ബാങ്കുകളും സർവീസ് സഹകരണസംഘങ്ങളും വായ്പ നൽകാത്ത സംഭവവുമുണ്ടായിട്ടുണ്ട്.സിൽവർ ലൈൻ പദ്ധതി പ്രദേശത്തിലുൾപ്പെട്ട വസ്തുവിന്റെ ഈടിന്മേൽ വായ്പ നൽകാനാവാത്ത സ്ഥിതി തൽക്കാലം തുടരുമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ഒരുകോടി ഒപ്പുശേഖരണം നടത്തും

കുന്നന്താനം ∙ കെ റെയിൽ പദ്ധതി സമ്പൂർണമായി പിൻവലിച്ച് ഉത്തരവ് ഇറക്കുക, യാതൊരു അനുമതിയുമില്ലാത്ത പദ്ധതിയെ പ്രതിരോധിച്ചതിന്റെ പേരിൽ സമരക്കാർക്കെതിരെ സംസ്ഥാനത്തുടനീളമെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ന് 4ന് നടയ്ക്കൽ ജംക്‌ഷനിൽ ഒരുകോടി ഒപ്പുശേഖരണം നടക്കും. 

ജില്ലാതല ഉദ്ഘാടനം ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് നിർവഹിക്കും. ആന്റോ ആന്റണി എംപി, ജോസഫ് എം.പുതുശേരി, കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി.ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com