പുതമൺ പാലം തകർന്നിട്ട് 5 ദിവസം; റാന്നി–കോഴഞ്ചേരി റൂട്ടിൽ യാത്രാക്ലേശം തുടരുന്നു

HIGHLIGHTS
  • പാലത്തിന്റെ ഇരുകരകളിലേക്കും കെഎസ്ആർടിസി ബസുകളോടിക്കണമെന്ന് ആവശ്യം
road-representative
SHARE

റാന്നി ∙ പുതമൺ പാലം തകർന്നിട്ട് 5 ദിവസം പിന്നിട്ടിട്ടും റാന്നി–കോഴഞ്ചേരി പാതയിലെ യാത്രാക്ലേശത്തിനു പരിഹാരം അകലെ. പാലത്തിലുടെയും ബദൽ റൂട്ടുകളിലൂടെയും ബസ് സർവീസുകൾ നടത്താനാകാത്ത സ്ഥിതിയാണ്. പുതമൺ പാലത്തിന് ബദലായി കോഴഞ്ചേരിക്ക് 2 റൂട്ടുകളുണ്ട്. രണ്ടും പ്രയോജനപ്പെടുത്താനാകില്ല.

അന്ത്യാളംകാവ് റൂട്ടിൽ പൈപ്പുകളിടുന്നതു മൂലം ബസ് സർവീസുകൾ നടത്താനാകില്ല. ചാക്കപ്പാലം–കുട്ടത്തോട് റോഡിൽ പിഐപി പാലം ഗതാഗതത്തിനു തടസ്സമായി നിൽക്കുന്നു. ഏതാനും ബസുകൾ ചെറുകോൽപുഴ വഴി സർവീസ് നടത്തുന്നുണ്ട്. റാന്നിയിൽ നിന്ന് കീക്കൊഴൂരെത്തി പേരൂച്ചാൽ പാലത്തിലൂടെ ചെറുകോൽപുഴ എത്തിയാണ് കോഴഞ്ചേരിക്കു പോകുന്നത്.

ചെറുകോൽപുഴയ്ക്കും പേരൂച്ചാലിനും മധ്യേയുള്ള വാഴക്കുന്നം നീലംപ്ലാവിലെ കുരുടാമണ്ണിൽ പിഐപി നീർപ്പാലം ഗതാഗതത്തിനു പ്രയോജനപ്പെടുത്താനാകുമോയെന്ന് പരിശോധന നടത്തണം. റാന്നി വലിയപാലം പമ്പാനദിയിൽ തകർന്നു വീണപ്പോഴും നീർപ്പാലം പ്രയോജനപ്പെടുത്താമെന്ന് നിർദേശം ഉയർന്നിരുന്നെങ്കിലും ആരും പരിശോധന നടത്തിയിരുന്നില്ല.

റാന്നി പാലത്തിന്റെ ഇരുകരകളിലും ബസുകൾ ഓടിയെത്തിയിരുന്നതും ചെറുകോൽപുഴ വഴി പത്തനംതിട്ടയ്ക്കു ബസുകൾ പോയിരുന്നതുമാണ് കൂടുതൽ നടപടി ഇതിലുണ്ടാകാതിരുന്നതിനു കാരണം.റാന്നിയിലെപ്പോലെ പുതമൺ പാലത്തിന്റെ ഇരുകരകളിലേക്കും ബസുകളോടിക്കുന്നതിനാണ് മുൻ‌തൂക്കം നൽകേണ്ടത്. യാത്രാക്ലേശം പരിഹരിക്കാൻ ഇതാണു വേണ്ടത്. ഗതാഗത മന്ത്രിയുടെ ഇടപെടലോടെ കെഎസ്ആർടിസി ബസുകളോടിക്കണമെന്നാണ് ആവശ്യം. 

ഇതിനായി റാന്നി ഓപ്പറേറ്റിങ് സെന്ററിലേക്കു 4 ബസുകൾ കെഎസ്ആർടിസി നൽകണം. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഇടപെട്ട് ഇതു സാധ്യമാക്കിയാൽ മാത്രമേ റാന്നി–കോഴഞ്ചേരി റൂട്ടിലെ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടൂ. താൽക്കാലിക പാലം നിർമിക്കണമെന്ന നിർദേശം ജനപ്രതിനിധികൾ പിഡബ്ല്യുഡി പാലം വിഭാഗം ചീഫ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 50 ലക്ഷം രൂപ ഇതിനു ചെലവു വരുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ശബരിമല പാതയുടെ പ്രാധാന്യം സർക്കാരിനെ ബോധ്യപ്പെടുത്തിയാൽ അതും യഥാർഥ്യമായേക്കും.

താൽക്കാലിക പാലം നിർമിക്കണം’

റാന്നി ∙ പുതമൺ പാലത്തിന് പകരം ഗതാഗതം കാര്യക്ഷമമാക്കാൻ താൽക്കാലിക പാലം നിർമിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. തകർന്ന പാലം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. താൽക്കാലിക പാലത്തിനൊപ്പം പാലത്തിന്റെ ഇരുകരകളിലും എത്താനാകുന്ന വിധത്തിൽ ബസ് സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാർ, കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിൻ എന്നിവരും ജില്ലാ സെക്രട്ടറിയോടൊപ്പം എത്തിയിരുന്നു.

ചെറുകോൽ ∙ പുതമൺ പാലത്തിനു പകരം താൽക്കാലിക പാലം നിർമിച്ച് ഗതാഗതം സുഗമമാക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

താൽക്കാലിക പാലത്തിന്റെ സാധ്യതയെക്കുറിച്ചു പരിശോധന നടത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എം.ഫിലിപ് അധ്യക്ഷത വഹിച്ചു. ആലിച്ചൻ ആറൊന്നിൽ, ജോർജ് ഏബ്രഹാം, അന്നമ്മ ജോസഫ്, ജോമോൻ കോളാകോട്ട്, ബിബിൻ കല്ലംപറമ്പിൽ, റിന്റോ തോപ്പിൽ, കെ.പി.തോമസ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS