ADVERTISEMENT

പന്തളം ∙ രണ്ട് പതിറ്റാണ്ടിന് ശേഷം സ്വകാര്യ ബസ് സ്റ്റാൻഡിന് കൂടുമാറ്റം. കെഎസ്ആർടിസി സ്റ്റാൻഡിനും ചന്തയ്ക്കും ഇടയിലുള്ള സ്ഥലത്തേക്കാണ് മാറ്റം. ക്രമീകരണങ്ങൾ സജ്ജമായാൽ അടുത്ത മാസം സ്റ്റാൻഡ് മാറ്റിയേക്കും. 2000-2005 കാലയളവിൽ എൻ.ജി.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ചതാണ് നിലവിലെ സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് മാറുന്ന മുറയ്ക്ക് ഇവിടെ പുതിയ നഗരസഭാ ഓഫിസ് നിർമാണം തുടങ്ങുമെന്നു അധികൃതർ പറയുന്നു.

നഗരത്തിലെ തിരക്ക് കുറയ്ക്കാനാകുമെന്ന പ്രതീക്ഷ കൂടി സ്റ്റാൻഡ് മാറ്റത്തിനു പിന്നിലുണ്ട്. ഈ പദ്ധതി ഉൾപ്പടെ ലക്ഷ്യമിട്ടാണ് നഗരസഭയുടെ നേതൃത്വത്തിൽ കെഎസ്ആർടിസിക്ക് സമീപം സർവേ നടത്തിയത്. നഗരസഭയുടെ വക 90 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഇവിടെയാണ് സ്വകാര്യ ബസ് സ്റ്റാൻഡ് വരുന്നത്.ഖരമാലിന്യ സംസ്കരണ പ്ലാന്റ്, വാതക ശ്മശാനം എന്നിവയ്ക്കും പരിഗണിക്കുന്നത് ഈ സ്ഥലമാണ്. കെഎസ്ആർടിസിക്ക് 2.8 ഏക്കർ നൽകിയാൽ മതിയെന്നു നഗരസഭാ കൗൺസിൽ തീരുമാനിച്ചിരുന്നു. 

1983ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി 3.53 ഏക്കർ ഭൂമിയാണ് വിലയ്ക്ക് വാങ്ങി കോർപറേഷന് കൈമാറിയിരുന്നത്. നഗരസഭ തിരികെയെടുത്ത സ്ഥലവും സ്റ്റാൻഡിനു ഉൾപ്പടെ ഉപയോഗിക്കും. നിർദിഷ്ട സ്ഥലത്തെ ബലക്ഷയമുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും.

മാറിക്കിട്ടാൻ കടമ്പകളേറെ

സ്വകാര്യ ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ നടപടി തുടങ്ങിയിട്ടില്ല. കെഎസ്ആർടിസിക്കും ചന്തയ്ക്കുമിടയിലുള്ള സ്ഥലമാണ് പരിഗണിക്കുന്നത്. ഇവിടേക്ക് ബസുകൾ കയറാനും ഇറങ്ങാനും വഴികൾ തയാറാക്കണം. കാത്തിരിപ്പ് കേന്ദ്രം ഒരുക്കുന്നതിനൊപ്പം ആർടിഒയുടെ അനുമതിയും തേടണം. സ്ഥലം കോൺക്രീറ്റ് ചെയ്യുന്നതിനും നടപടി തുടങ്ങിയിട്ടില്ല.

ഈ സ്ഥലത്ത് കൂടി കടന്നു പോകുന്ന തോടിനു മുകളിലൂടെ ഉറപ്പുള്ള മൂടികൾ സ്ഥാപിക്കണം. ചുരുങ്ങിയ സമയം കൊണ്ട് ഈ ജോലികൾ പൂർത്തിയാക്കാനാവില്ലെന്നു നഗരസഭാ കൗൺസിലർ പന്തളം മഹേഷ് പറഞ്ഞു. നിലവിലുള്ള സ്റ്റാൻഡിലെ വ്യാപാരികൾക്ക് ഇതു സംബന്ധിച്ചു അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com