സാമൂഹികവിരുദ്ധർ തകർത്ത തടയണ നന്നാക്കിയില്ല; അങ്ങാടി ജലവിതരണ പദ്ധതി താളംതെറ്റി

HIGHLIGHTS
  • ഇന്നലെ പമ്പിങ് നടത്തിയത് ആറ്റിൽ ജലനിരപ്പുയരുന്ന പുലർ‌ച്ചെ മാത്രം
  അങ്ങാടി ജല വിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിലെ കിണറ്റിലേക്ക് പമ്പാനദിയിൽ നിന്നുള്ള ഒഴുക്ക് നിലച്ച നിലയിൽ.
അങ്ങാടി ജല വിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിലെ കിണറ്റിലേക്ക് പമ്പാനദിയിൽ നിന്നുള്ള ഒഴുക്ക് നിലച്ച നിലയിൽ.
SHARE

പേട്ട ∙ പമ്പിങ്ങിന് വെള്ളമില്ലാത്തതിനാൽ അങ്ങാടി ജല വിതരണ പദ്ധതിയുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. സാമൂഹികവിരുദ്ധർ തകർത്ത പമ്പാനദിയിലെ താൽക്കാലിക തടയണ പുനരുദ്ധരിക്കാത്തതാണ് ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ‌ക്കു വിനയാകുന്നത്. പമ്പാനദിയിലെ പുളിമുക്ക് കടവിൽ നിന്നു വെള്ളം പമ്പ് ചെയ്ത് മേനാംതോട്ടം, പറക്കുളം, കരിങ്കുറ്റി, കരിങ്കുറ്റിമല, ഈട്ടിച്ചുവട് എബനേസർപടി, ഏഴോലി എന്നീ സംഭരണികളിൽ ശേഖരിച്ചു വിതരണം നടത്തുന്ന പദ്ധതിയാണിത്.

വരൾച്ച രൂക്ഷമായതോടെ ആറ്റിൽ ജലവിതാനം തീർ‌ത്തും കുറഞ്ഞു. ആറ്റിൽ നിന്നു പൈപ്പിട്ടാണു പദ്ധതിയുടെ കിണറ്റിൽ വെള്ളമെത്തിച്ചിരുന്നത്. പമ്പ് ഹൗസിനോടു ചേർന്നു മണൽ പരപ്പുകൾ തെളിഞ്ഞതിനാൽ പൈപ്പിലൂടെ ഒഴുകിയെത്താൻ വെള്ളമില്ല. ഇതിനു പരിഹാരം കാണാനാണ് ആറിനു കുറുകെ മണൽ ചാക്കുകൾ അടുക്കി താൽക്കാലിക തടയണ പണിതത്. തടയണയിൽ കെട്ടിക്കിടക്കുന്ന വെള്ളം ചാലിലൂടെ ഒഴുകി കിണറ്റിലെത്തിയിരുന്നു.

തടയണ സാമൂഹികവിരുദ്ധർ തകർത്തതോടെ കിണറ്റിലേക്കു വെള്ളമെത്തുന്നില്ല. ആറ്റിൽ ജലനിരപ്പുയരുന്ന പുലർ‌ച്ചെ മാത്രമാണ് ഇന്നലെ പമ്പിങ് നടത്തിയത്. ഇതുമൂലം പദ്ധതി മേഖലകളിലെല്ലാം വെള്ളമെത്തിക്കാൻ കഴിയുന്നില്ല. കടുത്ത ചൂടിൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും തോടുകളുമെല്ലാം വറ്റി. വെള്ളത്തിനു ബുദ്ധിമുട്ടുകയാണ് ജനം. 

പൈപ്പ് വെള്ളത്തെ ആശ്രയിക്കുകയായിരുന്നു അവർ. അങ്ങാടി പദ്ധതിയുടെ പ്രവർത്തന സ്തംഭനം ഇത്തരക്കാരെയാണ് സാരമായി ബാധിച്ചത്. വില കൊടുത്തു വെള്ളം വാങ്ങാതെ ആഹാരം പാകം ചെയ്യാനാകാത്ത സ്ഥിതി. പഞ്ചായത്തോ ജല അതോറിറ്റിയോ ഇടപെട്ട് തടയണ പുനരുദ്ധരിച്ച് പമ്പിങ് കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA