നിർമാണം അവസാനഘട്ടത്തിൽ; പെരിങ്ങനാട് വില്ലേജ് ഓഫിസ് സ്മാർട്ടാകുന്നു
Mail This Article
അടൂർ∙ പെരിങ്ങനാട് വില്ലേജ് ഓഫിസ് സ്മാർട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടുള്ള കെട്ടിട നിർമാണം അവസാനഘട്ടത്തിൽ.മേയ് അവസാനത്തോടെ ചേന്നമ്പള്ളിയിലുള്ള പുതിയ കെട്ടിടത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസ് പ്രവർത്തനമാരംഭിക്കുന്ന തരത്തിലാണു നിർമാണം പുരോഗമിക്കുന്നത്.
ഇടയ്ക്ക് 2 മാസം നിർമാണം നിലച്ചിരുന്നു. സീലിങ്, വയറിങ്, തറയിടൽ, ടൈലുപാകൽ, ക്യാബിൻ തിരിക്കൽ, ചുറ്റുമതിലിന്റെ നിർമാണം എന്നിവയാണ് ഇനി പൂർത്തിയാകാനുള്ളത്.നിലവിലുള്ള വില്ലേജ് ഓഫിസ് പൊളിച്ചു മാറ്റി അവിടെയാണു പുതിയ കെട്ടിടം നിർമിക്കുന്നത്. ഇപ്പോൾ വില്ലേജ് ഓഫിസ് പതിനാലാംമൈലിനു സമീപത്തായി വാടക കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്.
നിർമിതി കേന്ദ്രത്തിനാണു നിർമാണ ചുമതല. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായിട്ടാണു പെരിങ്ങനാട് വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസായി മാറുന്നത്. 42 ലക്ഷം രൂപ ചെലവഴിച്ചാണ് ഇതിനായി കെട്ടിടം നിർമാണവും അനുബന്ധ പണികളും പൂർത്തിയാക്കുന്നത്.
വില്ലേജ് ഓഫിസർക്കു പ്രത്യേകം മുറി, ജീവനക്കാർക്കായി പ്രത്യേകം ക്യാബിനുകൾ, ആധുനിക സംവിധാനങ്ങളോടു കൂടിയ റിക്കോർഡ് റൂം, പൊതുജനങ്ങൾ വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ശുചിമുറികൾ, പൊതുജനങ്ങൾക്കു കുടിക്കാനായി ശുദ്ധജലം, ഭിന്നശേഷിക്കാർക്കായി റാംപുകൾ അടക്കം ക്രമീകരിച്ചാണ് പെരിങ്ങനാട് വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസായി മാറാൻ പോകുന്നത്.