പ്രവർത്തനം താളംതെറ്റി ഉല്ലാസ പാർക്ക്
Mail This Article
മനയ്ക്കച്ചിറ ∙ പ്രവർത്തനം താളം തെറ്റി ഉല്ലാസ പാർക്ക്. മണിമലയാറിന്റെ തീരത്തായതിനാൽ വർഷാവർഷം വെള്ളം കയറുന്നതിനാൽ റൈഡുകളെല്ലാം പൂർണമായി നശിച്ചു. ഉപകരണങ്ങളിൽ ചിലതൊക്കെ നന്നാക്കിയെങ്കിലും തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കോവിഡും എത്തി. ഇതുമൂലം കളിക്കോപ്പുകൾ കേടാകുകയും ചെളികയറുകയും ചെയ്തു. അറ്റകുറ്റപ്പണികൾ നടത്തി പാർക്ക് തുറന്നിട്ട് അധികകാലമായിട്ടില്ല. ഇതിനകത്ത് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള വഴിയോര വിശ്രമ കേന്ദ്രവുമുണ്ട്.
പാർക്കിന്റെ പ്രവർത്തന ചുമതല കവിയൂർ പഞ്ചായത്തിലെ കുടുംബശ്രീക്ക് ആയിരുന്നു. ടികെ റോഡിൽ നിന്നും 100 മീറ്റർ മാറിയാണ് ഇത് പ്രവർത്തിക്കുന്നത്. സമയബന്ധിതമായി ഇത് തുറക്കുന്ന കാര്യത്തിൽ പാളിച്ച ഉണ്ടായത് നടത്തിപ്പിനെ ബാധിച്ചു. 2013-14 കാലയളവിൽ 4 ലക്ഷം രൂപ മുടക്കിയായിരുന്നു ഇതിന്റെ നിർമാണം. ആദ്യകാലത്ത് വളരെയേറെ ആളുകൾ കുടുംബമായി എത്തിയിരുന്നു. വിവിധതരം ഊഞ്ഞാലുകൾ, സീസോ, വിശ്രമിക്കാനുള്ള ബെഞ്ചുകൾ തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിരുന്നു. വെളിച്ചത്തിന് സോളർ പാനലുകൾ സംവിധാനവും ഒരുക്കിയിരുന്നെങ്കിലും പിന്നീടിത് കേടായിപ്പോയി.
പ്രവേശന കവാടഭാഗത്ത് പഞ്ചായത്ത് വെട്ടിയിട്ട ആഞ്ഞിലി തടിയും കിടപ്പുണ്ട്. പാർക്കിന്റെ പ്രവർത്തന ചുമതല ഇനി കുടുംബശ്രീക്ക് നൽകാതെ ലേലം നടത്തി കൈമാറാനാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.