നടപ്പാതയിൽ മറ്റെല്ലാം നടക്കും; യാത്രക്കാർക്കു നടക്കാനിടമില്ല
Mail This Article
അടൂർ ∙ നഗരത്തിൽ ടൈൽ പാകിയ നടപ്പാതയിലൂടെ കാൽനട യാത്രക്കാർക്ക് സുഗമമായി നടക്കാനാവാത്ത സ്ഥിതി. നടപ്പാതയിലേക്ക് കാടുകയറിയതും പാത കയ്യേറിയുള്ള കച്ചവടവുമാണ് ദുരിതമാകുന്നത്. അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനു മുൻപിലാണ് നടപ്പാത കാണാൻ കഴിയാത്തവിധം കാടുവളർന്നു നിൽക്കുന്നത്.പന്തളം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ബസ് സ്റ്റോപ്പിന് അടുത്തായി നടപ്പാതയിൽ കാടു വളർന്നു നിൽക്കുന്നതിനാൽ ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുന്നവർക്ക് ബുദ്ധിമുട്ടാണ്. റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിയും വരുന്നു.
അടൂർ ബൈപാസിലും പാർഥസാരഥി ജംക്‌ഷനിലെ നടപ്പാതയും വഴിയോരക്കച്ചവടക്കാർ കയ്യേറിയിരിക്കുകയാണ്. ബൈപാസിലെ നടപ്പാതയിൽ പെട്ടിക്കടകൾ സ്ഥാപിച്ചിരിക്കുകയാണ്. നടപ്പാതയിലേക്ക് ഇറക്കിയാണ് കച്ചവടം. പാചകവാതക സിലിണ്ടറുകൾവരെ നടപ്പാതയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ലോട്ടറിക്കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. എംസി റോഡിൽ കെഎസ്ആർടിസി ജംക്‌ഷൻ മുതൽ പാർഥസാരഥി ജംക്‌ഷൻ വരെ നടപ്പാതയിൽ വഴിയോരക്കച്ചവടക്കാരാണ്.
ശ്രീമൂലംചന്ത ദിവസം പാർഥസാരഥി ജംക്‌ഷനിലെ നടപ്പാത പൂർണമായും കയ്യേറി തുണി വിൽപനക്കാരാണ്. നഗരസഭാ ഓഫിസിനു തൊട്ടടുത്തായി നടക്കുന്ന നിയമലംഘനം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതാണ് വേദനാജനകം. കെഎസ്ആർടിസി ജംക്‌ഷൻ മുതൽ സെൻട്രൽ ജംക്‌ഷൻവരെ നടപ്പാതയിലേക്കും ഓടയുടെ സ്ലാബിനു മുകളിലേക്കുംവരെ കച്ചവടക്കാർ സാധനങ്ങൾ ഇറക്കിവയ്ക്കുന്നതിനാൽ നടന്നുപോകാൻ ബുദ്ധിമുട്ടാണ്.