കനത്ത മഴ: വീട് ഇടിഞ്ഞുവീണു
Mail This Article
പത്തനംതിട്ട ∙ മഴയിൽ വീട് ഇടിഞ്ഞു വീണു. നഗരത്തിലെ കല്ലറക്കടവിൽ പത്തിയിൽ ലത രവീന്ദ്രൻ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുക്കളയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്. രാവിലെ 8ന് ആയിരുന്നു സംഭവം. വീടിന്റെ അടുക്കളയുടെ ഭാഗം മൺകട്ട ഉപയോഗിച്ചു കെട്ടി ഷീറ്റ് ഇട്ടായിരുന്നു ഉപയോഗിച്ചുവന്നത്. വലിയ ശബ്ദത്തോടെയാണു വീട് ഇടിഞ്ഞുവീണത്. ഈ സമയം ലത മാത്രമായിരുന്നു ഉണ്ടായിരുന്നത്. നഗരത്തിലെ സ്വർണമഹൽ കട ഉടമ അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. സ്വന്തമായി വീട് ഇല്ലാത്ത ലതയുടെ ഭർത്താവ് 7 വർഷം മുൻപ് മരിച്ചു. കാൻസർ രോഗിയായ ഇവർ തൊട്ടടുത്തുള്ള അമൃത സ്കൂളിൽ ആയയായി ജോലി നോക്കിയാണു ചികിത്സയ്ക്കും മറ്റും പണം കണ്ടെത്തിയിരുന്നത്. അടുക്കളയുടെ ഭാഗം ഇടിഞ്ഞതോടെ ഇനി എവിടേക്ക് മാറിത്താമസിക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് അവർ.
ജില്ലയിൽ 3 ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പന്തളം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിൽ വീണ്ടും ആശങ്കയാണ്. ചിറ്റിലപ്പാടത്തേക്ക് വെള്ളമൊഴുകി തുടങ്ങിയത് മുടിയൂർക്കോണം നാഥനടി കളത്തിലെ പത്തോളം കുടുംബങ്ങൾ ആശങ്കയായി. ജൂലൈയിലെ മഴയിലും ഈ കൂടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാംപിലേക്ക് മാറേണ്ടി വന്നിരുന്നു. പന്തളം, തുമ്പമൺ, കുളനട മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും മഴ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശക്തമായ മഴയിൽ ഇന്നലെ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഗവി, കക്കി ഇക്കോടൂറിസത്തിന്റെ ഭാഗമായ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴിയുള്ള ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താൽക്കാലികമായി നിർത്തി.