ADVERTISEMENT

പെരുമ്പെട്ടി∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പു വിജ്ഞാപനം ഉടൻ പുറത്തുവരാനിരിക്കെ വികസന പ്രതീക്ഷയിലാണു ചുങ്കപ്പാറയും റാന്നിയും. വിമാനത്താവളത്തിന് അടുത്തു ജില്ലാ അതിർത്തിയിലുള്ള സ്ഥലങ്ങളാണു ചുങ്കപ്പാറയും റാന്നിയും. നിർദിഷ്ട വിമാനത്താവളത്തിലേക്ക് ചുങ്കപ്പാറയിൽനിന്നും റാന്നിയിൽനിന്നും 8 കിലോമീറ്റർ മാത്രമാണു ദൂരം. ഗതാഗത സൗകര്യ വിപുലീകരണം, ടാക്സി, ടൂറിസ്റ്റ് ട്രാവൽ സർവീസുകൾ, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രാദേശിക തൊഴിലവസരങ്ങൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ.. അങ്ങനെ നീളുന്നു ചുങ്കപ്പാറയുടെയും റാന്നിയുടേയും സാധ്യതകൾ. 

ദൂരം, സാധ്യത 

വിമാനത്താവളം യാഥാർഥ്യമായാൽ ഏറ്റവും കുടുതൽ വികസന സാധ്യതയുള്ള 2 പഞ്ചായത്തുകളാണു കോട്ടാങ്ങൽ, കൊറ്റനാട് എന്നിവ. നിർദിഷ്ട വിമാനത്താവളത്തിന്റെ പ്രധാന കവാടം  മുക്കടയിൽ വന്നാൽ ചുങ്കപ്പാറ–പൊന്തൻപുഴ– മുക്കട 7.7 കിലോമീറ്റർ മാത്രം. ചുങ്കപ്പാറയിൽനിന്നു നെടുമ്പാശേരി– 120, തിരുവനന്തപുരം– 144 കിലോമീറ്ററാണു ദൂരം. തിരുവല്ലയിൽനിന്ന് ഇവിടെയെത്താൻ 2 വഴികളുണ്ട്. തിരുവല്ല– വെണ്ണിക്കുളം–എഴുമറ്റൂർ– ചുങ്കപ്പാറ– പൊന്തൻപുഴ– മുക്കട:35.7 കിലോമീറ്റർ. തിരുവല്ല–മല്ലപ്പള്ളി–വായ്പ്പൂര്– കോട്ടാങ്ങൽ– വള്ളംചിറ– കറിക്കാട്ടൂർ– മുക്കട: 43 കീലോമീറ്റർ. 

ഇപ്പോൾ ബിഎംബിസി നിലവാരത്തിൽ പ്രവൃത്തികൾ നടക്കുന്ന ചാലാപ്പള്ളി–ചുങ്കപ്പാറ–പാടിമൺ റോഡിന് ഇരുവശവും വികസന സാധ്യതയുണ്ട്. ചെറുടൗണുകളായ വായ്പ്പൂര്,കോട്ടാങ്ങൽ,പെരുമ്പെട്ടി എന്നിവിടങ്ങളിൽ ഹോട്ടൽ, മാളുകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. നാഗപ്പാറ ഇക്കോ ടൂറിസം പദ്ധതിക്കും വലിയകാവ് വനത്തിലെ ജൈവോദ്യാനത്തിനും ഗുണമുണ്ടാകും. 

ചുങ്കപ്പാറ–കോട്ടാങ്ങൽ–മണിമല റോഡിൽ ഉന്നതനിലവാരത്തിൽ കടൂർക്കടവ് പാലം വരെ പൂർത്തിയായി. മറുകരയിൽ കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് പത്തനാട് –പ്ലാക്കപ്പടി– പൊട്ടുകുളം– കടൂർകടവ് പാലം കയറി വള്ളംചിറ– കരിക്കാട്ടൂർ– പൊന്തൻപുഴ വഴി മുക്കടയെത്താം. വിമാനത്താവളത്തിന്റെ കവാടത്തിന്റെ മാറ്റമനുസരിച്ച് ദൂരത്തിൽ 5 കിലോമീറ്റർ വരെ വ്യത്യാസം വന്നേക്കാം. എഴുമറ്റൂർ– മടത്തകം– വായ്പ്പൂര് റോഡ്, അത്യാൽ– വായ്പൂര്, മാരംകുളം– ചെന്നിക്കരപ്പടി, ആലപ്ര– ആലപ്രക്കാട്– കോട്ടാങ്ങൽ എന്നീ റോഡുകൾ ബൈപാസ് റോഡുകളാകാം.

ചുങ്കപ്പാറ ടൗൺഷിപ്  

വിമാനത്താവളം വലിയൊരു ടൗൺഷിപ്പിനും വഴിയൊരുക്കും. പുനലൂർ–മൂവാറ്റുപുഴ ഹൈവേയിലേക്ക് എത്തിച്ചേരാൻ ചുങ്കപ്പാറ–പൊന്തൻപുഴ റോഡ് 4.9 കി.മി. ഉന്നത നിലവാരത്തിൽ നവീകരിക്കേണ്ടി വരും. ഇത് വിമാനത്താവളം ഉൾപ്പെട്ട നഗരസമുച്ചയത്തിന്റെ ഭാഗമാക്കി ചുങ്കപ്പാറയെ മാറ്റും. പുതിയ സ്ഥാപനങ്ങൾ, വ്യവസായ സംരംഭങ്ങൾ എന്നിവ വികസിച്ചു വരാനുള്ള സാധ്യത കോട്ടാങ്ങൽ പഞ്ചായത്തിനുണ്ട്. ചെറുവള്ളിയോട് തീരെ അടുത്ത പ്രദേശങ്ങളിൽ ഉയരം കൂടിയ നിർമിതികൾ അസാധ്യമാകുമ്പോൾ താരതമ്യേന താഴ്ന്ന മലമടക്കിൽ, നദീമുഖത്തായി സ്ഥിതി ചെയ്യുന്ന കോട്ടാങ്ങൽ പഞ്ചായത്തിനു സാധ്യതയേറും. കേരളത്തിലെ അടുത്ത ഐടി പാർക്ക് ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ നാടിന്റെ ചരിത്രം മറ്റൊന്നാകും.

വിനോദ സഞ്ചാരം 

കോട്ടാങ്ങൽ പടയണി ഉൾപ്പെടെ ലോകസഞ്ചാരികളെ ആകർഷിക്കും. പടയണി വേലകളി പരിശീലന കേന്ദ്രങ്ങൾക്കു സ്ഥിരതയോടെ പ്രവർത്തിക്കാൻ കഴിയും. വെള്ളവൂർ, മണിമല, കൊറ്റനാട് പഞ്ചായത്തുകളെ യോജിപ്പിച്ചു ഫോക്‌ലോർ അക്കാദമി രൂപീകരിക്കാൻ കഴിയണം. കേരളത്തിൽ നിന്നുള്ള രാജ്യാന്തര സുഗന്ധ വ്യഞ്ജന കയറ്റുമതിയുടെ കുത്തക തന്നെ ഈ വിമാനത്താവളത്തെ കാത്തിരിപ്പുണ്ട്.

എല്ലാം വഴിയിലും വരും വികസനം 

റാന്നി ടൗണിനൊപ്പം പഴവങ്ങാടി,വെച്ചൂച്ചിറ പഞ്ചായത്തുകളിലും വികസന രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാൻ വിമാനത്താവളത്തിനു കഴിയും. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളിലൊന്നായ പുനലൂർ–മൂവാറ്റുപുഴ കടന്നുപോകുന്നത് റാന്നി ടൗണിന്റെ മധ്യത്തിലൂടെയാണ്. ഉന്നത നിലവാരത്തിൽ വികസിപ്പിച്ച പാതയാണിത്. റാന്നി പാലത്തിനു സമാന്തരമായി പുതിയ പാലം കൂടി യാഥാർഥ്യമാകുകയും ചെട്ടിമുക്ക്–വലിയകാവ്–പൊന്തൻപുഴ റോഡ് വികസിപ്പിക്കുകയും ചെയ്താൽ വിമാനത്താവളത്തിലേക്കു കുറഞ്ഞ ദൂരത്തിലെത്താൻ പുതിയ മാർഗം കൂടി തെളിയും. 

വിമാനത്താവളം കൂടുതൽ നേട്ടമാകുന്നത് പ്രവാസികൾക്കാണ്. റാന്നി താലൂക്കിൽ ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത വീടുകൾ കുറവാണ്. തിരുവനന്തപുരം, നെടുമ്പാശേരി എന്നിവിടങ്ങളിലെത്തിയാണ് ഇപ്പോൾ യാത്ര. വിമാനത്താവളം യാഥാർഥ്യമായാൽ ആ ബുദ്ധിമുട്ട് ഒഴിവാകും.  

തരിശായി കിടക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ പഴവങ്ങാടി, വെച്ചൂച്ചിറ പഞ്ചായത്തുകളിലുണ്ട്. ലോഡ്ജുകൾ, ഹോം സ്റ്റേകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ, മാളുകൾ എന്നിവയുടെ നിർമിതികൾക്കായി അവ പ്രയോജനപ്പെടുത്താം. ചെറുകിട കച്ചവടശാലകൾ തുറന്നും സമീപവാസികൾക്കു വരുമാനം കണ്ടെത്താം. എല്ലാ വിഭാഗം ജനങ്ങൾക്കും വിമാനത്താവളം ഗുണം ചെയ്യും. 

മുക്കടയോടു ചേർന്നുകിടക്കുന്ന പഴവങ്ങാടി പഞ്ചായത്തിലെ വാകത്താനം, ഇടമൺ, ചേത്തയ്ക്കൽ, പ്ലാച്ചേരി, മക്കപ്പുഴ, മന്ദമരുതി വെച്ചൂച്ചിറയിലെ ചതുപ്പു മുതൽ സെന്റ് തോമസ് സ്കൂൾ ജംക്‌ഷൻ വരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വികസന സാധ്യത കൂടുതൽ. വിമാനത്താവളത്തിനായി കണ്ടെത്തിയിട്ടുള്ള ചെറുവള്ളി എസ്റ്റേറ്റിനോടു ചേർന്നു കിടക്കുന്ന പഴവങ്ങാടി, വെച്ചൂച്ചിറ എന്നീ പഞ്ചായത്തുകളിലെ പ്രധാന റോഡുകളെല്ലാം ബിഎംബിസി നിലവാരത്തിൽ വികസിപ്പിച്ചത് വികസനത്തിനു മുതൽക്കൂട്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com