കടക്കെണി, ജപ്തി ഭീഷണി കെഎസ്ആർടിസിയെ വിശ്വസിച്ച ഇവർ ഇനി എന്തുചെയ്യണം?
Mail This Article
പത്തനംതിട്ട ∙ അദാലത്തിലും രക്ഷയായില്ല, രണ്ട് കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ, മറ്റ് 10 പേർ കടക്കെണിയിൽ. കെഎസ്ആർടിസിയുടെ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങാൻ ഏഴ് വർഷം മുൻപ് പണം മുടക്കിയവരാണു ദുരിതത്തിലായത്. നിർമാണം നടത്തിവന്ന കെട്ടിടത്തിന്റെ പണികൾ സാമ്പത്തിക പ്രശ്നത്തിനെ തുടർന്ന് നിലച്ചതോടെ നിർമാണ പ്രവർത്തനങ്ങൾക്കുവേണ്ടി എന്നു പറഞ്ഞാണ് പൂർത്തിയാകാത്ത കട മുറികൾ ലേലം ചെയ്തത്. മുറികൾ എടുത്തവർ മൂന്നു തവണയായി പണം അടയ്ക്കണമെന്നും ആദ്യ തവണ 2016 ജൂൺ പകുതിയോടെയും ബാക്കി പകുതി കടമുറിയുടെ പണികൾ പൂർത്തിയാകുന്ന മുറയ്ക്കും താക്കോൽ കൈമാറുമ്പോൾ ബാക്കി തുകയും നൽകണമെന്നുമായിരുന്നു കരാർ.
അങ്ങനെ 12 പേർ 2.06 കോടി രൂപ ആദ്യ ഗഡുവായി കെഎസ്ആർടിസിയുടെ പേരിൽ അടച്ചു. ഇവരെ കൂടാതെ ഇവിടെ മെഡിക്കൽ സ്റ്റോർ തുടങ്ങാനായി ഒരു മുറിക്കായി കുമ്പഴ സർവീസ് സഹകരണ ബാങ്ക് 20.55 ലക്ഷം രൂപയും അടച്ചിരുന്നു. ഇവർക്കാർക്കും കടമുറി നൽകാനുള്ള നടപടികൾ ഇപ്പോഴും നടക്കുന്നില്ല എന്നാണ് ആരോപണം. 10 ലക്ഷം രൂപ മുതൽ 22 ലക്ഷം രൂപ വരെയാണ് വ്യാപാരികൾ അടച്ചത്. പലരോടും കടം വാങ്ങിയും സ്വർണം പണയംവച്ചും വിറ്റും കടമുറികൾ ലേലം ചെയ്തവരിൽ പേട്ട അപ്പച്ചാളിയം വീട്ടിൽ നാസറുദ്ദീൻ, കുലശേഖരപേട്ട ഉസിക്കൽ പുരയിടത്തിൽ ഹയറുന്നീസ എന്നിവർ ജപ്തി ഭീഷണിയിലാണ്.
പത്തനംതിട്ട സർവീസ് സഹകരണബാങ്കിൽനിന്ന് വായ്പ എടുത്തത് അടയ്ക്കാൻ കഴിയാതെ ഭീമമായ തുകയായതിനെ തുടർന്നാണ് ഇവർക്കെതിരെ ജപ്തി നടപടികൾ ആരംഭിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡും അഗ്നിരക്ഷാ സേനയും എൻഒസി നൽകാത്തതിനാൽ നഗരസഭ കെട്ടിട നമ്പർ നൽകാത്തതാണ് ഇവർക്ക് കടമുറികൾ കൈമാറാൻ തടസ്സമായി നിൽക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രിക്കും സ്ഥലം എംഎൽഎയുമായ മന്ത്രി വീണാ ജോർജിനും പലതവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാണ് ഇവർ പറയുന്നത്.
കഴിഞ്ഞ മേയ് 2ന് ഇവിടെ നടന്ന അദാലത്തിൽ ഇവർ കൂട്ടമായി എത്തി തങ്ങളുടെ സങ്കടം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് അന്നു പറഞ്ഞ മന്ത്രിയോട് ഇവർക്കു പറയാനുള്ളത് ഒന്നു മാത്രം: ലക്ഷങ്ങൾ പലിശ ഇനത്തിൽതന്നെ കെഎസ്ആർടിസിയുടെ ചതിമൂലം നൽകിയതായും ഇനി സഹിക്കാൻ കഴിയില്ലെന്നും തങ്ങൾ അടച്ച പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ്. ഈ ആവശ്യവുമായി ഇന്നലെ ഇവർ പത്തനംതിട്ട കെഎസ്ആർടിസി ഓഫിസിൽ സമരവുമായി എത്തിയിരുന്നു. പ്രശ്നത്തിൽ തീരുമാനമായില്ല എങ്കിൽ അടുത്ത ആഴ്ച കുടുംബസമേതം കെഎസ്ആർടിസിക്കു മുൻപിൽ സമരം ആരംഭിക്കാനാണ് ഇവരുടെ നീക്കം.
ധർണ നടത്തി
പത്തനംതിട്ട ∙ കെഎസ്ആർടിസി ടെർമിനലിലെ കടമുറികൾ ഏഴു വർഷം മുൻപ് ലേലം ചെയ്ത് അതിനായി പണം അടച്ചിട്ടും ഇതുവരെ ലഭിക്കാതെ കടക്കെണിയിലായ വ്യാപാരികൾ പത്തനംതിട്ട കെഎസ്ആർടിസി ഓഫിസിനു മുൻപിൽ ധർണ നടത്തി. നഗരസഭാംഗം എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.റിയാസ് അധ്യക്ഷത വഹിച്ചു. എം.നസറുദ്ദീൻ, ആർ.ശ്രീജമോൾ, എ.മുഹമ്മദ് അഷ്റഫ്, അബ്ദുൽ ഗഫൂർ, പി.ഖാലുദീൻ, ഷറഫുദീൻ, സി.എച്ച്.അബ്ദുൽ അസീസ്, വി.മുസ്തഫ, ഷിഹാസ് എം.ഹനീഫ, എസ്.ഷെഫീഖ്, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.