നോക്കുകുത്തിയായി അറവുശാല
Mail This Article
ഇട്ടിയപ്പാറ ∙ വർഷങ്ങൾക്കു മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച അറവുശാല ഇന്നും നോക്കുകുത്തി. ഇട്ടിയപ്പാറ ചന്തയിൽ നിർമിച്ച അറവുശാലയാണ് നാഥനില്ലാത്ത അവസ്ഥയിൽ കിടക്കുന്നത്. 10 വർഷം മുൻപാണ് ഇട്ടിയപ്പാറ ചന്തയിൽ അത്യാധുനിക സംവിധാനങ്ങളോടെ അറവുശാല പണിയാൻ പദ്ധതിയിട്ടത്. ശുചിത്വമിഷന്റെ പങ്കാളിത്തത്തോടെയാണ് നിർമാണം ആരംഭിച്ചത്. പൂർണമായും യന്ത്രവൽക്കരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന അറവുശാലയ്ക്കാണ് ലക്ഷ്യമിട്ടത്.
കന്നുകാലികളുടെ വേഗം ചീയുന്ന അവശിഷ്ടങ്ങളും രക്തവും സംസ്കരിച്ച് ബയോഗ്യാസ് ഉൽപാദിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിനായി ബയോഗ്യാസ് പ്ലാന്റും നിർമിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയെങ്കിലും കന്നുകാലികളെ കശാപ്പു ചെയ്യാനും മാംസം വേർതിരിച്ചെടുക്കാനുമുള്ള യന്ത്രങ്ങൾ സ്ഥാപിച്ചില്ല.
മാറിയെത്തിയ പഞ്ചായത്ത് ഭരണസമിതികളൊന്നും ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല. റാന്നി ടൗണിൽ ഒട്ടേറെ മാംസ വിൽപന ശാലകളുണ്ട്. അവിടങ്ങളിലേക്ക് ആവശ്യമായ മാംസം പുറംനാടുകളിൽ കശാപ്പു ചെയ്ത് എത്തിക്കുകയാണ്. പഴവങ്ങാടി പഞ്ചായത്തിനു ലഭിക്കാനുള്ള വരുമാനമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. ഇട്ടിയപ്പാറ ചന്തയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ അറവുശാല പ്രയോജനപ്പെടുത്തി ശുദ്ധമായ മാംസം വിൽപന നടത്തണം. കൂടാതെ മീൻ വിൽപനക്കാരെ ചന്തയിലെത്തിക്കാനും നടപടി വേണം.