തടിയുമായെത്തിയ ലോറിയുടെ ഡ്രൈവർ കാബിൻ ഉയർന്നു പൊങ്ങി
Mail This Article
മല്ലപ്പള്ളി ∙ തിരക്കുള്ള പകൽ സമയങ്ങളിൽ ടൗണിൽകൂടി ടിപ്പർലോറികളുടെയും ഭാരവാഹനങ്ങളുടെയും സഞ്ചാരം ചെറുകിട വാഹനയാത്രക്കാരെ ഭീതിയിലാക്കുന്നു. തടിയുമായി എത്തിയ ലോറിയുടെ മുൻഭാഗം ഉയർന്നുപൊങ്ങിയതു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ തിരുവല്ല റോഡിന്റെ തുടക്കഭാഗത്താണു സംഭവം. ആനിക്കാട് ഭാഗത്തുനിന്ന് ആഞ്ഞിലിത്തടികളുമായി എത്തിയ ലോറി ഓട്ടത്തിനിടെ ഉയർന്നുപൊങ്ങുകയായിരുന്നു. ലോറിയുടെ പിന്നിലെ ബോഡിയെക്കാളും നീളത്തിൽ പുറത്തേക്കു തടി നീണ്ടുന്നതുമൂലം തിരുവല്ല റോഡിന്റെ തുടക്കത്തിലെ ചെറിയ കയറ്റത്തിലാണു ഡ്രൈവറുടെ കാബിൻ പൊങ്ങിയത്. നാട്ടുകാർ ചുമട്ടുതൊഴിലാളികളും ചേർന്നു കാബിനിൽ പിടിച്ചു താഴ്ത്തിയാണു ലോറി നീക്കാനായത്. മിനിറ്റുകളോളം ഗതാഗതക്കുരുക്കിനും ഇടയാക്കി.
താലൂക്കിന്റെ വടക്കുകിഴക്കൻമേഖലയിൽനിന്നു പാറ ഉൽപന്നങ്ങളുമായി എത്തുന്ന ടിപ്പർലോറികളും ടൗണിൽകൂടിയാണു പോകുന്നത്. അപകടഭീതി പരത്തിയാണു പാച്ചിലെന്നാണു യാത്രക്കാരുടെ പരാതി. പാറ ഉൽപന്നങ്ങൾക്കു മുകളിൽ ടാർപ്പയോ, മറ്റു മറകളോ ഉപയോഗിച്ചു മറയ്ക്കാതെ പോകുന്നതും വാഹനയാത്രക്കാർക്കു ദുരിതമാണു സമ്മാനിക്കുന്നത്.